കാടു കയറാതെ കാട്ടാനയും കുട്ടിയും
Mail This Article
ചിറ്റാരിപ്പറമ്പ് ∙ കോളയാട് പഞ്ചായത്തിലെ പെരുവ പാറക്കുണ്ട് കോളനിയിൽ കൃഷിയിടത്തിൽ പ്രസവിച്ച കാട്ടാന കാടു കയറാതെ കുട്ടിയുമായി കൃഷിയിടത്തിനു സമീപം തുടരുന്നു. ടി.ജയന്റെ കൃഷിസ്ഥലത്തു നിന്ന് 500 മീറ്ററോളം ദൂരത്തിലാണു കാട്ടാന കുട്ടിയുമായി നിൽക്കുന്നത്. ഇവർക്കു കാവൽ നിന്ന മറ്റു കൂട്ടാനകൾ പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഒരു കിലോമീറ്ററോളം മാറി വനത്തിൽ പറക്കാട് ചെമ്പുക്കാവ് റോഡിനു സമീപം പുഞ്ചക്കണ്ടത്തിൽ നിലയുറപ്പിച്ചു നിൽക്കുകയാണ്. ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും നാട്ടുകാരും വനപാലകരും ഉറങ്ങാതെ നിരന്തരമായി പടക്കം പൊട്ടിച്ചതിനാലും ബഹളം വച്ചതിനാലും കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയില്ല.
കഴിഞ്ഞ ദിവസം കണ്ണവം വെളുമ്പത്ത് ഇറങ്ങി കൃഷി നശിപ്പിച്ച കാട്ടാനകളുടെ സംഘത്തിൽപെട്ട ആനയാണ് ഇവിടെ പ്രസവിച്ചതെന്നു സ്ഥിരീകരിച്ചു. ആക്കംമൂല, സിറാമ്പിതാഴെ, ചെമ്പുക്കാവ്, പറക്കാട്, കടൽകണ്ടം, മലയിൽ, കാളാംകണ്ടി തുടങ്ങിയ പ്രദേശങ്ങളുടെ സമീപമാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലുള്ളവരും ഉറങ്ങാതെ ജാഗ്രതയിലാണ്. കാട്ടാന പ്രതിരോധസംവിധാനം ഇല്ലാത്തതിനാൽ ഏതു നിമിഷവും ഇവരുടെ കൃഷിയിടത്തിൽ കാട്ടാനകൾക്കെത്താം. ആനയെയും കുട്ടിയെയും കണ്ടെത്തി ഉൾവനത്തിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും കുട്ടിയാനയ്ക്കു നടക്കാൻ കഴിയാത്തതിനാലാണ് 500 മീറ്ററോളം ദൂരത്തിൽ നിലയുറപ്പിച്ചത്. നിടുംപൊയിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സുരേന്ദ്രന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശത്തു ക്യാംപ് ചെയ്തു കൃഷി സംരക്ഷിക്കാനാണു നാട്ടുകാരുടെയും തീരുമാനം.