‘വികസനം തടസ്സപ്പെടുത്താൻ യുഡിഎഫ് ശ്രമിക്കുന്നു’; നവകേരള സദസ്സിൽ മുഖ്യമന്ത്രി
Mail This Article
കണ്ണൂർ/ വളപട്ടണം∙ വികസനത്തിനു തടസ്സമുണ്ടാക്കരുതെന്നും തുടർച്ച വേണമെന്നുമാണ് എൽഡിഎഫ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് തുടങ്ങിവച്ച പല പദ്ധതികളും മുന്നോട്ടു കൊണ്ടു പോയത് എൽഡിഎഫാണെന്നു സൂചിപ്പിച്ച മുഖ്യമന്ത്രി, വികസനം തടസ്സപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തി. കണ്ണൂർ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി പ്രശ്നം പരിഹരിക്കാൻ എസ്എൻസി ലാവ്‌ലിനുമായി കരാറിൽ ഒപ്പുവച്ചത് യുഡിഎഫ് സർക്കാരായിരുന്നു. അക്കാലത്ത് വൈദ്യുതി മേഖലയിലെ പ്രശ്നം വളരെ വലുതായിരുന്നു. ബൾബിലെ ഫിലമെന്റ് കാണമെങ്കിൽ ചൂട്ടു കത്തിച്ചു നോക്കേണ്ടിയിരുന്നു. 95 ശതമാനമായിരുന്നു പവർകട്ട്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് എസ്എൻസി ലാവ്‌ലിനുമായി കരാർ ഒപ്പിടുന്നത്. വൈദ്യുതി പ്രശ്നം പരിഹരിക്കാൻ കാലതാമസമുണ്ടാകരുതെന്നു കരുതിയാണ് ആ പദ്ധതി തുടരാൻ 1996ൽ എൽഡിഎഫ് തീരുമാനിച്ചത്. കണ്ണൂർ വിമാനത്താവളം വേണ്ടെന്നായിരുന്നു 2001ൽ യുഡിഎഫ് നിലപാട്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യവും അങ്ങനെത്തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വികസന കാര്യത്തിൽ ഇങ്ങനെയൊക്കെ നിലപാടെടുക്കുമ്പോഴും അതിനെയെല്ലാം തുരങ്കം വയ്ക്കുകയാണ് യുഡിഎഫ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, എഡിഎം കെ.കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.
വി.ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, മുൻ മന്ത്രി ഇ.പി.ജയരാജൻ, മുൻ എംപിമാരായ പി.കെ.ശ്രീമതി, പന്ന്യൻ രവീന്ദ്രൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ എന്നിവർ പങ്കെടുത്തു.
നാടിനും ജനങ്ങൾക്കും വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്ന കാര്യം പരിപാടികൾ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഴീക്കോട് മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു പറഞ്ഞു. ജനതീരുമാനത്തിന്റെ ഭാഗമാണ് കേരളത്തിലെ തുടർഭരണം. ബഹിഷ്കരണം ജനാധിപത്യ പ്രക്രിയയ്ക്കു ഭൂഷണമല്ല. സംസ്ഥാനത്തിനവകാശപ്പെട്ട കേന്ദ്ര വിഹിതവും സഹായവും വെട്ടിക്കുറച്ച് സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ– മുഖ്യമന്ത്രി പറഞ്ഞു.
കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.എൻ.ബാലഗോപാൽ, അഹമ്മദ് ദേവർകോവിൽ എന്നിവർ പ്രസംഗിച്ചു. എം.വി.ഗോവിന്ദൻ എംഎൽഎ, മുൻ മന്ത്രി ഇ.പി.ജയരാജൻ, മുൻ എംപിമാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, മുൻ എംഎൽഎമാരായ എം.വി.ജയരാജൻ, എം.പ്രകാശൻ, ടി.വി.രാജേഷ്, ചിറയ്ക്കൽ വലിയരാജ രാമവർമ രാജ, എസ്.ആർ.ഡി.പ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സംഘാടക സമിതി കൺവീനർ ടി.ജെ.അരുൺ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ എന്നിവർ പങ്കെടുത്തു. ഡോ. സുമ സുരേഷ് ബാബുവിന്റെ വീണ ഫ്യൂഷൻ, അമിത സൂരജിന്റെ വയലിൻ, നാടൻ പാട്ട്, തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി എന്നിവയും അരങ്ങേറി.