ADVERTISEMENT

കണ്ണൂർ ∙ കഴിഞ്ഞ ദിവസം പിടിയിലായ രാജസ്ഥാൻ സ്വദേശി അക്ഷയ് ഖോർവാൾ (21) സൈനിക വേഷത്തിൽ ജില്ലയിൽ ഒട്ടേറെപ്പേരെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചെന്ന് സൂചന. മാധ്യമങ്ങളിലൂടെ ഇയാളുടെ ചിത്രം പുറത്ത് വന്നതോടെ കൂടുതൽപേർ ഇയാൾക്കെതിരെ രംഗത്തെത്തി. ‘ആർമി ഫ്രോഡ്’ എന്നു പൊലീസ് വിളിക്കുന്ന രീതിയിലാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്.

വിമാനത്താവളത്തിൽ നിന്നു ട്രാൻസ്ഫർ ആയി പോകുന്നതിനാൽ തന്റെ ഗൃഹോപകരണങ്ങൾ വിൽക്കാനുണ്ടെന്നു കാട്ടി ഒഎൽഎക്സിൽ പരസ്യം നൽകിയും ഇയാൾ തട്ടിപ്പിനു ശ്രമിച്ചു. കണ്ണൂർ സ്വദേശികളായ 2 യുവാക്കളെയാണു വഞ്ചിക്കാൻ ശ്രമിച്ചത്. ആകർഷകമായ സംസാരവും ഇടപെടലുമായിരുന്നെന്ന് യുവാക്കൾ പറയുന്നു.

30 ശതമാനം തുക അഡ്വാൻസായി അടച്ചാൽ, വിമാനത്താവളത്തിൽ സൂക്ഷിച്ച ഗൃഹോപകരണങ്ങൾ കൊണ്ടുപോകാമെന്നായിരുന്നു വാഗ്ദാനം. ഹിന്ദിയിലും പാതി മലയാളത്തിലുമായിരുന്നു സംസാരം. തട്ടിപ്പാണെന്ന് മനസ്സിലായതോടെ യുവാക്കൾ ഇയാളെ ഒഴിവാക്കി. ധർമശാല സ്വദേശിയെയും സമാന രീതിയിൽ തട്ടിപ്പിന് ഇരയാക്കാൻ ഇയാൾ ശ്രമിച്ചെന്ന് ആരോപണമുണ്ട്.

ഫ്ലാറ്റ് വിൽപനയ്ക്കുണ്ടെന്ന് ഒഎൽഎക്സിൽ പരസ്യം നൽകിയ കണ്ണൂർ തോട്ടട സ്വദേശി സാബിറയുടെ അക്കൗണ്ടിൽ നിന്ന് 2.65 ലക്ഷം രൂപ തട്ടിയ കേസിലാണു ജയ്പുർ സ്വദേശിയായ അക്ഷയ് ഖോർവാളിനെ കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 

വിഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ടിരുന്ന ഇയാൾ ഇന്ത്യൻ ആർമിയുടെ വ്യാജ ഐഡി കാർഡ് കാണിച്ചും പട്ടാള യൂണിഫോമും തൊപ്പിയും ധരിച്ചുമാണു വിശ്വാസം നേടുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ആർമി ഓഫിസറായ അങ്കിത്ത് വിജയൻ എന്ന പേരിലാണ് ഇയാൾ ഒഎൽ‌എക്സിൽ ഇടപാട് നടത്തിയത്. കേസിലെ മുഖ്യപ്രതി, അക്ഷയുടെ പിതൃസഹോദരൻ സുരേന്ദ്ര ഖോർവാളിനെ പിടികൂടാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com