ADVERTISEMENT

തളിപ്പറമ്പ് ∙ മണിക്കൂറുകൾക്കുള്ളിൽ 3 ക്ഷേത്രങ്ങളിൽ ഭണ്ഡാര കവർച്ച നടത്തി നാലാമത്തെ ക്ഷേത്രത്തിൽ കവർച്ചയ്ക്കെത്തിയ കോഴിക്കോട് സ്വദേശികളായ യുവാക്കളെ കുറുമാത്തൂർ മുയ്യത്ത് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ഇവരുടെ മോട്ടർ സൈക്കിളും ഇതിലുണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങളിൽ നിന്ന് കവർച്ച ചെയ്തതെന്നു കരുതുന്ന പണവും കണ്ടെടുത്തിട്ടുണ്ട്.

കോഴിക്കോട് പറമ്പിൽ ബസാർ ഇരിങ്ങാട്ട് മീത്തൽ അഭിനന്ദ്(20), കാരാപ്പറമ്പ് മുണ്ടയാടി താഴെ ടി.ജോഷിത്ത്(33) എന്നിവരെയാണ് മുയ്യം വരഡൂൽ ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടയിൽ പിടികൂടിയത്. അയ്യപ്പ ഭക്തരുടെ വേഷത്തിൽ എത്തിയ ഇവർ ഓടി രക്ഷപെട്ട ശേഷം വീണ്ടും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് ജോഷിത്ത് പിടിയിലായത്.

മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കോടല്ലൂർ പാലപ്രത്ത്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ഇവർ കവർച്ച നടത്തിയിരുന്നു. ഇതിനുശേഷം ഇന്നലെ പുലർച്ചെ 1.40ന് വരഡൂൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഇതുവഴി കടന്നുപോയ നാട്ടുകാരനായ പി.ഹരിദാസും മകനും ഇവരെ സംശയാസ്പദമായ നിലയിൽ ക്ഷേത്രത്തിൽ കാണുകയായിരുന്നു. ഇവർ ക്ഷേത്രത്തിലെത്തി പരിശോധിച്ചപ്പോൾ ഇരുവരും ഓടി രക്ഷപ്പെട്ടു.  തുടർന്നു നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് മോട്ടർ സൈക്കിളും ഇതിൽ സഞ്ചികളിൽ ചില്ലറനാണയ ശേഖരവും കണ്ടത്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലീസ് എത്തി മോട്ടർ സൈക്കിൾ കസ്റ്റഡിയിൽ എടുത്തു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ അപ്പോൾ തന്നെ ക്ഷേത്ര പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നീട് അഭിനന്ദിനെ 5.40ന് ക്ഷേത്ര പരിസരത്ത് സംശയാസ്പദമായ നിലയിൽ കണ്ടപ്പോൾ ക്ഷേത്രം ജനറൽ സെക്രട്ടറി ജയരാജിന്റെ നേതൃത്വത്തിൽ വിവരങ്ങൾ അന്വേഷിച്ചു.

അപ്പോഴാണ് ക്ഷേത്രത്തിൽ ദർശനം നടത്തി തിരിച്ച് വരുന്ന ജോഷിത്തിനെ കണ്ടത്. ഇരുവരും പരസ്പര വിരുദ്ധമായി സംസാരിക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയി‍ൽ എടുത്തപ്പോഴാണ് മറ്റുള്ള ക്ഷേത്രങ്ങളിലും കവർച്ച നടത്തിയ കാര്യം അറിയുന്നത്. കവർച്ച നടന്ന ക്ഷേത്രങ്ങളിൽ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ ഇരുവരുമായി എത്തി തെളിവെടുപ്പ് നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com