അഡ്മിറൽസ് കപ്പ് പായ്‌വഞ്ചിയോട്ട മത്സരത്തിന് നാവിക അക്കാദമിയിൽ ആവേശോജ്വല തുടക്കം
Mail This Article
ഏഴിമല∙അഡ്മിറൽസ് കപ്പിനു വേണ്ടിയുള്ള പായ്‌വഞ്ചിയോട്ട മത്സരത്തിനു നാവിക അക്കാദമിയിൽ തുടക്കമായി. ഇന്നലെ നടന്ന മത്സരങ്ങളിൽ ഇന്ത്യൻ നാവിക അക്കാദമി ടീമാണു മുന്നിൽ. ഇറ്റലിയാണു രണ്ടാം സ്ഥാനത്ത്. 8ന് സമാപിക്കുന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്നും 20 വിദേശരാജ്യങ്ങളിൽ നിന്നുമായി 23 ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഒരു ടീമിൽ 2 പേരാണുണ്ടാവുക. ഒരു പരിശീലകനും ഒപ്പമുണ്ടാകും. ഇറാൻ ടീമിൽ ഒരാളാണുള്ളത്. നാവിക അക്കാദമിയിലെ സംവിധാനങ്ങൾ ലോകോത്തരമാണെന്നു ചാംപ്യൻഷിപ്പിനെത്തിയ വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ. മത്സരം നടക്കുന്ന എട്ടിക്കുളം തീരം പായ്‌വഞ്ചിയോട്ട മത്സരത്തിനു യോജിച്ചതാണെന്നും മികച്ച ലേസർ ബോട്ടുകളാണിവിടെയുള്ളതെന്നും അവർ പറഞ്ഞു.
മറ്റു രാജ്യാന്തര ചാംപ്യൻഷിപ്പുകൾക്കൊപ്പം നിൽക്കുന്നു. പായ്‌വഞ്ചിയോട്ടം ഒരു കായിക വിനോദം എന്ന നിലയിലും ശ്രദ്ധേയമാണ്. നല്ല ഭക്ഷണവും ആതിഥ്യ മര്യാദയും മികച്ച ഏകോപനവുമാണിവിടെ. നല്ല പ്രതീക്ഷയോടെയാണെത്തിയിരിക്കുന്നത്. രാജ്യങ്ങളും വിവിധ നാവിക സേനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ചാംപ്യൻഷിപ് സഹായകരമാണ്. കടലിനെ പറ്റി പൊതുവായ അവബോധം ജനങ്ങൾക്കുണ്ടാക്കാൻ പായ്‌വഞ്ചിയോട്ട മത്സരങ്ങൾ വ്യാപകമായി നടത്തുന്നതിലൂടെ കഴിയും. മാത്രമല്ല, ഇതു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ വേദി കൂടിയാണ്.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പാട്ടും നൃത്തവുമടക്കമുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.’ പ്രതിനിധികൾ പറഞ്ഞു. നല്ല അന്തരീക്ഷവും കാറ്റും ശാന്തമായ കടലുമിവിടെയുണ്ടെന്നും മത്സരങ്ങൾ മികച്ച രീതിയിലാണു നടത്തുന്നതും വിധി നിർണയിക്കുന്നതെന്നും രാജ്യാന്തര നിയമങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടെന്നും ഓസ്ട്രേലിയൻ ടീമിന്റെ പരിശീലകൻ ആൻഡ്ര്യൂ പേൺ പറഞ്ഞു. സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിദേശ പ്രതിനിധികളെല്ലാം സംതൃപ്തി പ്രകടിപ്പിച്ചു. ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യയുടെ കലാ, സാംസ്കാരിക തനിമ വ്യക്തമാക്കുന്ന കലാപരിപാടികളുമുണ്ടാകുമെന്നു നാവിക അക്കാദമി അധികൃതർ പറഞ്ഞു.