കലിതുള്ളി തുള്ളൽ
Mail This Article
തലശ്ശേരി∙ ആരെയും ആക്ഷേപഹാസ്യത്തിന്റെ വള്ളിക്കുരുക്കുകളിലേക്ക് വലിച്ചിടുന്ന ഓട്ടൻ തുള്ളൽ കലോത്സവ വേദിയിൽ അരങ്ങേറിയപ്പോൾ നിറഞ്ഞുനിന്നത് ആക്ഷേപഹാസ്യമായിരുന്നില്ല. പകരം വേദിയിൽ തുള്ളിക്കയറിയത് വിവാദം.
മണിക്കൂറുകളോളം താമസിച്ചാണ് മത്സരം തുടങ്ങിയത്. സ്റ്റേജിൽ മത്സരാർഥിക്കായി സ്ഥാപിച്ച മൈക്ക് പ്രവർത്തിക്കാതായതോടെ തിങ്ങിനിറഞ്ഞ കാണികളിൽ പലരും കേട്ടത് ആശാന്റെയും വാദ്യത്തിന്റെയും ശബ്ദം മാത്രം.
ആദ്യ പെർഫോമൻസ് കഴിഞ്ഞതോടെ മൈക്കിനെച്ചൊല്ലി തിരശീലയ്ക്ക് പിന്നിൽ വാക്കേറ്റം. ആദ്യം മത്സരിച്ച തോട്ടട എച്ച്എസ്എസിലെ ഗായത്രി സത്യനും ഒപ്പമുള്ളവരും പ്രതിഷേധവുമായെത്തിയെങ്കിലും മത്സരാർഥിയാണ് മൈക്ക് നോക്കേണ്ടതെന്ന വിചിത്രവാദം അധികൃതർ ഉയർത്തി. മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച ഗായത്രി അപ്പീൽ നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കു പരാതിയും നൽകി.തുടർന്ന് വന്ന മത്സരങ്ങളിൽ മത്സരാരാർഥികളേക്കാൾ ആവേശത്തിൽ തുള്ളിയത് മൈക്കും സ്റ്റേജിലെ പലകകളുമാണ്. പലപ്പോഴും പലകകൾ പൊങ്ങിയുയർന്നു. സ്റ്റാൻഡിലൂടെ തോന്നിയപോലെ നീങ്ങിയ മൈക്ക് ശബ്ദം പിടിച്ചെടുക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു.
ഇത്തരം വേദികളിൽ മുകളിൽ നിന്ന് തൂക്കിയിടുന്ന ഹാങ്ങിങ് മൈക്ക് ഉപയോഗിക്കണമെന്ന രീതി ഇവിടെ പാലിച്ചില്ല. ആരോരും പാടാനില്ലാത്ത മോഹിനിയാട്ട വേദിക്ക് മുകളിൽ അത്തരമൊരു മൈക്ക് അപ്പോഴും ഇളകിയാടുന്നുണ്ടായിരുന്നു.
പതിവ് തെറ്റിയില്ല; വൈകിത്തുടങ്ങി
തലശ്ശേരി∙ പതിവ് തെറ്റിക്കാതെ വൈകിത്തുടങ്ങി ജില്ലാ സ്കൂൾ കലോത്സവം. രാവിലെ 9.30 മുതൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന വേദികൾ ഉണർന്നതുതന്നെ 11ന് ശേഷം. കേരളനടനം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയ സ്റ്റേജ് മത്സരങ്ങളും രചനാ മത്സരങ്ങളും വൈകിത്തുടങ്ങുന്ന കാര്യത്തിൽ കൃത്യത പാലിച്ചു.