കണ്ണൂരിൽ നിന്ന് ആദ്യ വിമാനം പറന്നിട്ട് 5 വർഷം; ഇതുവരെ 51.86 ലക്ഷം യാത്രക്കാർ
Mail This Article
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് നാളെ 5 വയസ്സ്. ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത് 51.86 ലക്ഷം പേർ. 2018 ഡിസംബർ 9ന് ആണ് കണ്ണൂരിൽ നിന്ന് ആദ്യ വിമാനം പറന്നത്. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു ചരിത്രം കുറിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 50 ലക്ഷം യാത്രക്കാർ എന്ന പുതു നേട്ടത്തിലെത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് വിമാന കമ്പനികൾ 8 ഇന്ത്യൻ നഗരങ്ങളിലേക്കും 11 ഗൾഫ് രാജ്യങ്ങളിലേക്കും സർവീസ് നടത്തിയിരുന്നെങ്കിലും ഗോ ഫസ്റ്റ് സർവീസുകളും എയർ ഇന്ത്യ സർവീസുകളും ഇപ്പോഴില്ല.
നിലവിൽ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും മാത്രം സർവീസ് നടത്തുന്നു. കോവിഡ് പ്രതിസന്ധികൾ മറി കടന്ന് വിദേശ വിമാന സർവീസുകളും കൂടുതൽ ഇന്ത്യൻ കമ്പനികളും സർവീസ് നടത്തുന്നില്ലെങ്കിലും ഇക്കഴിഞ്ഞ ഒക്ടോബറിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15 ൽ കണ്ണൂരും ഇടം പിടിച്ചു. ഗോ ഫസ്റ്റ് സർവീസ് നടത്തിയിരുന്ന സമയത്ത് 2021 ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ രാജ്യാന്തര യാത്രക്കാരുടെ ആദ്യ പത്തിലും 2022 ഒക്ടോബറിൽ 13ാം സ്ഥാനത്തും എത്തിയിരുന്നു. ഹജ് എംബാർക്കേഷൻ പോയിന്റ് ആരംഭിച്ചതാണ് 2023 ലെ പ്രധാന നാഴിക കല്ലുകളിൽ ഒന്ന്.
അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇവിടെ ആഭ്യന്തര സർവീസുകൾ ആരംഭിച്ചത്. ഇന്ത്യൻ വിമാന കമ്പനികളുടെ കൂടുതൽ സർവീസ് നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് 9 മാസം കൊണ്ട് പ്രതിദിനം 50 വീതം സർവീസ് ടേക്ക് ഓഫും ലാൻഡിങ്ങും ഒരു വർഷം പിന്നിടുന്നതിന് മുൻപ് ആഴ്ചയിൽ 65 രാജ്യാന്തര സർവീസ് എന്ന നേട്ടവും കൈവരിച്ചു. 5 വർഷം പൂർത്തിയായിട്ടും വിദേശ വിമാന സർവീസുകൾ ആരംഭിക്കാത്തത് വിമാനത്താവള വളർച്ചയെ സാരമായി ബാധിച്ചു.
കോവിഡ് സമയത്ത് കുവൈത്ത് എയർവേസ്, സൗദി എയർ, എയർ അറേബ്യ എന്നിവയുടെ വൈഡ് ബോഡി വിമാനങ്ങളും ഇത്തിഹാദ്, ഫ്ലൈ ദുബായ്, സലാം എയർ, ജസീറ എയർവേസ്, സൗദി എയർവേസ് തുടങ്ങിയ വിദേശ കമ്പനി വിമാനങ്ങളും യാത്രക്കാരുമായി കണ്ണൂരിലെത്തിയിട്ടുണ്ട്. വൈഡ് ബോഡി വിമാനത്തെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ കണ്ണൂരിലുണ്ട്. വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്ത് ആണെന്ന് ചൂണ്ടിക്കാട്ടി വിദേശ കമ്പനികളുടെ സർവീസ് ആരംഭിക്കാൻ കേന്ദ്രം ഇന്നും പച്ചക്കൊടി കാട്ടിയില്ല.
വിമാനത്താവളത്തിന്റെ തുടക്കം മുതൽ എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിൽക്ക് എയർ തുടങ്ങി ഒട്ടേറെ വിദേശ വിമാന കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ആകെ യാത്രക്കാർ
∙ 2018-19 1501068 1501068
∙ 2019-20 585547 2086615
∙ 2020-21 651189 2737804
∙ 2201–22 1144327 3882131
∙ 2023 (നവംബർ വരെ) 1303995 5186126
സർവീസുകൾ രാജ്യാന്തര സർവീസ്
∙ ദുബായ്
∙ ഷാർജ
∙ ബഹ്റൈൻ
∙ ദോഹ
∙ കുവൈത്ത്
∙ മസ്കത്ത്
∙ അബുദാബി
∙ ജിദ്ദ
∙ റിയാദ്
ആഭ്യന്തര സർവീസ്
∙ തിരുവനന്തപുരം
∙ കൊച്ചി
∙ ബെംഗളൂരു
∙ ചെന്നൈ
∙ ഹൈദരാബാദ്
∙ മുംബൈ