കുരുക്കുവഴിയായി കുറുക്കുവഴി
Mail This Article
കൂത്തുപറമ്പ് ∙ പൊട്ടിയടർന്ന് കുണ്ടുംകുഴിയുമായ റോഡ് നഗരഹൃദയത്തിലെ യാത്രക്കാർക്ക് ദുരിതമാകുന്നു.ചെറുവാഹനങ്ങൾ ആശ്രയിക്കുന്ന പൊലീസ് സ്റ്റേഷൻ റോഡാണ് ഏറെ പരിതാപകരമായ അവസ്ഥയിലുള്ളത്. തൊക്കിലങ്ങാടി ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾ നഗരമധ്യത്തിൽ എത്തി മാറോളിഘട്ടിന് മുൻവശം ട്രഷറി റോഡിലൂടെ കടന്നു പോകുന്നതിന് പകരം തിരക്ക് ഒഴിവാക്കാൻ ഇതുവഴിയാണ് പോയിരുന്നത്.
പൊലീസ് സ്റ്റേഷനിലും കൃഷിവകുപ്പിന്റെ റീജനൽ ഓഫിസിലും എസിപി ഓഫിസിലും ലാൻഡ് ട്രൈബ്യൂണലിലും ഉൾപ്പെടെ എത്തുന്നവർ ഈ റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഇതുവഴി ട്രഷറി ഭാഗത്തേക്കും കെയുപി സ്കൂൾ, പഴയ നിരത്ത്, ആമ്പിലാട് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാം. പൊലീസ് സ്റ്റേഷൻ തൊട്ട് ട്രഷറി വരെയുള്ള ഏതാണ്ട് 100 മീറ്ററാണ് വല്ലാതെ പൊട്ടിയടർന്ന് നിൽക്കുന്നത്. ഇവിടെയെങ്കിലും അടിയന്തര അറ്റകുറ്റപ്പണി നടത്തി ഗതാഗതം സൗകര്യ പ്രദമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.