നിയന്ത്രണംവിട്ട ബസിടിച്ച് വീട്ടുമതിൽ തകർന്നു
Mail This Article
ചെറുപുഴ∙ ബെംഗളുരൂവിൽ നിന്നു ചെറുപുഴയിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപെട്ടു. യാത്രക്കാരും ബസ് ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 4.30നാണു അപകടം. റോഡിനോട് ചേർന്നുള്ള വീടിന്റെ മതിലിൽ ഇടിച്ചാണു ബസ് നിന്നത്. മതിൽ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനങ്ങൾക്ക് നടത്തിയത്. അപകടത്തെ തുടർന്നു ഇതുവഴിയുള്ള വാഹനഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. മണ്ണുമാന്തിയന്ത്രം എത്തിച്ചു ബസ് മാറ്റിയതിനു ശേഷമാണു വാഹനഗതാഗതം പുന:സ്ഥാപിച്ചത്.
വെളുപ്പിനു പെയ്ത ചാറ്റൽമഴയെ തുടർന്നു ബസ് റോഡിൽ നിന്നു തെന്നിമാറിയതാണു അപകടത്തിനു കാരണമെന്നു പറയുന്നു. ഭാഗ്യം കൊണ്ടാണു വൻദുരന്തം ഒഴിവായത്. കൊടുംവളവും കുത്തനെയുള്ള ഇറക്കവും മൂലം മലയോര പാതയിൽ വാഹനാപകടങ്ങൾ പതിവുസംഭവമായി മാറിയിരിക്കുകയാണ്. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതാണ് ഒട്ടുമിക്ക വാഹനാപകടങ്ങൾക്കും കാരണമെന്നു നാട്ടുകാർ പറയുന്നു.