ADVERTISEMENT

കണ്ണൂർ ∙ ശാന്തിയും സമാധാനവും സാഹോദര്യവും മാനവികതയും കുളിർമയായി പെയ്തിറങ്ങുന്ന ക്രിസ്മസ് ദിനങ്ങളിലേക്ക് ഇനി ദിവസങ്ങൾ മാത്രം. ഉണ്ണിയേശുവും നക്ഷത്രങ്ങളും പുൽക്കൂടും ലൈറ്റുകളുമെല്ലാം കടകളിൽ തലയുയർത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിലേക്കാൾ പ്രതീക്ഷയിലും പുതുമയിലും കച്ചവടം തകൃതിയാണ്. ഓണക്കാലത്തെ മികച്ച പ്രതികരണം ക്രിസ്മസ് വിപണിയെ ഒരുക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു വ്യാപാരികൾ.

ആശംസാ കാർഡുകൾ
ആശംസകളുടെ കാലം കൂടിയാണ് ക്രിസ്മസ്. കാർഡുകളിലൂടെ ആശംസ കൈമാറിയിരുന്ന കാലമൊക്കെ കഴിയുകയാണ്. എൽഇഡി ബൾബുകളും സംഗീതവുമൊക്കെയായി പിടിച്ചുനിൽ‌ക്കാൻ ശ്രമിച്ചെങ്കിലും ക്രിസ്മസ് കാർ‌ഡുകൾക്കു രക്ഷയില്ല. ചിലരാകട്ടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴി തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു രൂപപ്പെടുത്തുന്ന കാർഡുകളാണു പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്നത്.

താരം എൽഇഡി
വാലു നീട്ടിയും പലതരത്തിലുള്ള മടക്കും പാറ്റേണുകളുമായും എത്തിയിരുന്ന ക്രിസ്മസ് നക്ഷത്രങ്ങളുടെയും എണ്ണം കടകളിൽ കുറഞ്ഞു. അതേവില മുതൽ കിട്ടുന്ന എൽഇഡി നക്ഷത്രങ്ങളാണ് ഇപ്പോൾ താരം. 160 മുതലാണു റീട്ടെയിൽ കടകളിൽ എൽഇഡി നക്ഷത്രങ്ങളുടെ വില ആരംഭിക്കുന്നത്. വലുപ്പത്തിനും നിറത്തിനുമനുസരിച്ചു വിലകൂടും.

2500 രൂപയിലേറെ വില വരുന്ന നക്ഷത്രങ്ങൾ പോലും വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്. മാല ബൾബുകളുടെ കാര്യത്തിലും വില പലതാണ്. ബൾബിന്റെ ഗുണനിലവാരം, എണ്ണം, നിറങ്ങൾ എന്നിവയ്ക്ക് അനുസരിച്ചാണു വില. 150 രൂപയുടെ ചെറുമാലകൾ മുതൽ വലിയകെട്ടിടങ്ങളും വീടുകളും അലങ്കരിക്കുന്ന നീളൻ എൽഇഡി ബൾബുമാലകളും കടകളിലുണ്ട്.

പുൽക്കൂടിന്റെ വിലയിൽഎളിമ പോര!
ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിട്ടാണ് ഉണ്ണിയേശു പുൽക്കൂട്ടിൽ പിറന്നതെങ്കിൽ കടകളിലെ പുൽക്കൂടിനു കിടിലൻ വിലയാണ്. പലതും മടക്കി ഭംഗിയായി ഒതുക്കി വയ്ക്കാവുന്നവ. പ്ലാസ്റ്റിക് കൂടിനാണു വിലക്കുറവ്. 450– 600 റേഞ്ചിൽ ലഭിക്കും. തടിയിലേക്കു മാറിയാൽ വില കൂടും. അവയും മടക്കിയൊതുക്കാവുന്നതു തന്നെ. വില 1000നും മുകളിലേക്കു പോകുമെന്നു മാത്രം.

ഉണ്ണീശോ സെറ്റുംഅലങ്കാരങ്ങളും
ഉണ്ണീശോ സെറ്റിനൊപ്പം അലങ്കാരങ്ങൾ വാങ്ങുന്ന പ്രവണത കൂടുന്നുണ്ടെന്നു വ്യാപാരികൾ. ചെറുമണികളും വർണങ്ങളിലുള്ള ബോളുകളും കൂടുതലായി എത്തിക്കഴിഞ്ഞു. ചെറുതും വലുതുമായ ട്രീകൾ 250 രൂപ മുതൽ കടകളിലുണ്ട്. ബൾബിന്റെയും മരത്തോടുള്ള സാദൃശ്യത്തിന്റെയും അടിസ്ഥാനത്തിൽ 7000 രൂപ വരെയാണു ചില ട്രീകളുടെ വില. ഉണ്ണീശോ സെറ്റ് 250 രൂപ മുതൽ ലഭ്യമാണ്. എന്നാൽ ആവശ്യക്കാർ ഇടിച്ചുകയറിയതോടെ 250ന്റെ സെറ്റുകളൊക്കെ തീർന്നു. 650, 850 തുടങ്ങി ഉയർന്ന വിലകളിലുള്ള സെറ്റുകൾക്കും ആവശ്യക്കാരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com