കാക്കിയിട്ടതും അല്ലാത്തതുമായ ഗുണ്ടാപ്പടയെ പേടിച്ചോടില്ല: മാർട്ടിൻ ജോർജ്
Mail This Article
കണ്ണൂർ∙ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസിനെയും ഉപയോഗിച്ച് ആക്രമിച്ചാൽ പ്രതിഷേധം ഇല്ലാതാകുമെന്നതു പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ചിറക്കൽ, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ നടത്തിയ വളപട്ടണം പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കാക്കിയിട്ടതും അല്ലാത്തതുമായ ഗുണ്ടാപ്പടയെ പേടിച്ചോടുന്നവരല്ല യൂത്ത് കോൺഗ്രസ്.
തിരിച്ചടിക്കാൻ അവർ തയാറാണെന്ന് ഇതിനകം പിണറായി വിജയനു മനസ്സിലായിക്കാണും. മുഖ്യമന്ത്രിയെക്കൊണ്ടു ജനത്തിനു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.’ മാർട്ടിൻ ജോർജ് പറഞ്ഞു. ചിറക്കൽ ബ്ലോക്ക് പ്രസിഡന്റ് കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസുകാരെ പൊലീസുകാരും ഡിവൈഎഫ്ഐക്കാരും ചേർന്ന് ആക്രമിക്കുന്നതിനെതിരെ ജില്ലയിൽ പൊലീസ് സ്റ്റേഷനുകളിലേക്കു കോൺഗ്രസ് മാർച്ച് നടത്തി. തളിപ്പറമ്പിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി.
ഉളിക്കലിൽ സണ്ണി ജോസഫ് എംഎൽഎ, ആറളത്ത് ചന്ദ്രൻ തില്ലങ്കേരി, ചൊക്ലിയിൽ വി.എ.നാരായണൻ, ആലക്കോട് പി.ടി.മാത്യു, ധർമടത്ത് സജീവ് മാറോളി, ഇരിക്കൂറിൽ സുധീപ് ജയിംസ്, പഴയങ്ങാടിയിൽ എം.പി. ഉണ്ണിക്കൃഷ്ണൻ, തലശ്ശേരിയിൽ അമൃത രാമകൃഷ്ണൻ, കൊളവല്ലൂരിൽ വി.സുരേന്ദ്രൻ, പാനൂരിൽ കെ.പി.സാജു, തളിപ്പറമ്പിൽ റിജിൽ മാക്കുറ്റി, പെരിങ്ങോത്ത് ബ്രിജേഷ് കുമാർ, ചെറുപുഴയിൽ മഹേഷ് കുന്നുമ്മൽ, പയ്യന്നൂരിൽ മുഹമ്മദ് ബ്ലാത്തൂർ, കുടിയാന്മലയിൽ ജോജി വർഗീസ്, പേരാവൂരിൽ ജൂബിലി ചാക്കോ, ഇരിട്ടിയിൽ പി.എ.നസീർ, പയ്യാവൂരിൽ ഇ.വി.രാമകൃഷ്ണൻ, കുടിയാന്മലയിൽ ജോജി വട്ടോളി, ചെറുപുഴയിൽ മഹേഷ് കുന്നുമ്മൽ, പഴയങ്ങാടിയിൽ എം.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ മാർച്ച് ഉദ്ഘാടനം ചെയ്തു.