യുവാവ് മുങ്ങിമരിച്ചത് പെർമിറ്റില്ലാത്ത കെട്ടിടത്തിന്റെ ടാങ്കിൽ; വിവാദം
Mail This Article
തലശ്ശേരി∙ വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ നഗരസഭാ സ്റ്റേഡിയത്തിൽ പ്ലാനും പെർമിറ്റുമില്ലാതെ നിർമിച്ച കെട്ടിടത്തിന്റെ ടെറസിലെ ടാങ്കിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തെച്ചൊല്ലി വിവാദം. സ്റ്റേഡിയത്തിലെ സ്പോർട്സ് കാർണിവലിന് ലൈറ്റും പന്തലുമൊരുക്കാൻ എത്തിയ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ജീവനക്കാരൻ പാറാട്ടെ സജിൻകുമാർ ഇന്നലെ പുലർച്ചെയാണ് മൂടിയില്ലാത്ത വെള്ളടാങ്കിൽ വീണു മരിച്ചത്. നഗരസഭയിൽ അപേക്ഷ നൽകാതെയാണ് കെട്ടിടം നിർമിച്ചതെന്ന് നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ രേഖാമൂലം അറിയിച്ചതാണ്.
ഇതിന്റെ മാനേജ്മെന്റ് കമ്മിറ്റിയിൽ എംഎൽഎയും സബ് കലക്ടറും നഗരസഭാധ്യക്ഷയും ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്. യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാറിന് നിവേദനം നൽകി. അനധികൃതമായി സ്റ്റേഡിയത്തിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമുൾപ്പെടെയുള്ളവരെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കെപിസിസി അംഗം സജ്ജീവ് മാറോളി, ബ്ലോക്ക് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ എന്നിവർ സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് ആവശ്യപ്പെട്ടു.സ്റ്റേഡിയം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സി.ടി.സജിത് ആവശ്യപ്പെട്ടു. മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.