ADVERTISEMENT

കണ്ണൂർ ∙ വിവരാവകാശ അപേക്ഷകൾ‍ സമർപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ പോർട്ടലിൽ ജില്ലയിലെ പല പൊതുസ്ഥാപനങ്ങളുമില്ല. കലക്ടറേറ്റ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളാണ് ഇതുവരെ പോർട്ടലിൽ ലഭ്യമാകാത്തത്. മറ്റു ജില്ലകളുടെയും സ്ഥിതി ഇതുതന്നെയാണ്. പ്രധാന വകുപ്പുകളല്ലാതെ ജില്ലകളെ അടിസ്ഥാനപ്പെടുത്തി പോർട്ടലിൽ നൽകേണ്ട പൊതുസ്ഥാപനങ്ങളൊന്നും ഇതുവരെയും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ സ്വകാര്യ വെബ്സൈറ്റുകളുടെ പ്രവർത്തനം ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. 

വിവരാവകാശ നിയമപ്രകാരം വെറും 10 രൂപ മാത്രം നൽകിയാൽ അപേക്ഷകനു വിവരങ്ങൾ ലഭിക്കുമെന്നിരിക്കെ, സ്വകാര്യ വെബ്സൈറ്റുകൾ ഈടാക്കുന്ന ഏറ്റവും ചെറിയ ഫീസ് 199 രൂപയാണ്. വക്കീലിന്റെ സഹായം കൂടി വാഗ്ദാനം ചെയ്യുന്ന ‘പ്ലാനു’കളുമുണ്ട്. അതിനു നിരക്ക് 299 രൂപ മുതൽ 499 രൂപ വരെയാണ്. 

വിവരം ലഭിക്കും
ഒരു വിവരം ലഭിക്കുന്നതിനു പൊതുസ്ഥാപനത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കോ അപേക്ഷ നൽകണം. പത്തു രൂപയാണ് ഫീസ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിഭാഗത്തിൽപെട്ട അപേക്ഷകർക്ക് ഫീസ് വേണ്ട. വാക്കാലുള്ള അപേക്ഷകൾ എഴുതിത്തയാറാക്കാൻ വേണ്ട സഹായം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണ്. 

അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ വിവരം ലഭിക്കാൻ പൗരന് അവകാശമുണ്ട്. ആവശ്യപ്പെട്ട വിവരം ഒരു വ്യക്തിയുടെ ജീവനെയോ സ്വാതന്ത്യ്രത്തെയോ സംബന്ധിച്ചാണെങ്കിൽ അത് അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം നൽകേണ്ടതാണ്. വിവരം ലഭിച്ചില്ലെങ്കിൽ അപേക്ഷകന് അപ്പീൽ സമർപ്പിക്കാം.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ രേഖകൾ, നോട്ട് ഫയലുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്നതിനു പുറമേ റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. മലിനമാക്കപ്പെട്ട ജലം, റോഡ് സാമഗ്രികൾ, സിമന്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സാംപിൾ ലഭിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഓൺലൈനായി അപേക്ഷിക്കാൻ
മാസങ്ങൾക്കു മുൻപു മാത്രമാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ കേരള സർക്കാർ ഓൺലൈൻ പോർട്ടൽ തുടങ്ങിയത്. ഈ വർഷം അവസാനത്തോടെ പോർട്ടൽ പൂർണ സജ്ജമാകുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. 

എന്നാൽ, ഇപ്പോഴും പോർട്ടൽ പൂർണ സജ്ജമായിട്ടില്ല. https://rtiportal.kerala.gov.in എന്ന സൈറ്റ് വഴിയാണ് ഔദ്യോഗിക പോർട്ടലിൽ കയറേണ്ടത്. മറ്റുള്ളവയെല്ലാം സ്വകാര്യ വെബ്സൈറ്റുകളാണ്. അവർ അമിത തുക ഈടാക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com