8 കേസുകൾക്ക് പിന്നാലെ പോയി; കിട്ടിയത് 80ൽ അധികം കേസുകളിലെ പ്രതികളെ!
Mail This Article
പരിയാരം∙ കവർച്ച നടത്താൻ മുഹൂർത്തമോ? അത്ഭുതപ്പെടേണ്ട, കവർച്ച നടത്താൻ മുഹൂർത്തം നോക്കുന്ന കള്ളന്മാരുണ്ട്. പരിയാരത്ത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന എട്ടു കവർച്ചകളിലെ പ്രതികളെ പിടികൂടാൻ പരിയാരം പൊലീസ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണു പ്രതികളുടെ ‘ഈശ്വരവിശ്വാസം’ കണ്ടെത്തിയത്. കുറ്റവാളികളെ പിടികൂടിയപ്പോൾ പൊലീസ് പോലും ഞെട്ടി. എട്ടു കവർച്ചകളുടെ പിന്നാമ്പുറക്കാരെ തേടിപ്പോയപ്പോൾ കിട്ടിയത് എൺപതിലധികം കേസുകളിൽ പ്രതികളായവർ. ചിലരാകട്ടെ കൊലപാതക കേസിൽ ഉൾപ്പെട്ടിട്ടുള്ളവരും. അഞ്ചു പ്രതികളെയാണ് പരിയാരം സ്ക്വാഡ് തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്.
പരിശോധിച്ചത് 1000 സിസിടിവികൾ
മുപ്പതു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇതരസംസ്ഥാനത്തു നിന്നു പ്രതികളെ പിടിച്ചത്. ദേശീയപാത പരിയാരം ചുടലയിൽ നിന്നു ചിതപ്പിലെപൊയിൽ റോഡിലൂടെ കടന്നു പോയ വാഹനങ്ങളെ നിരീക്ഷിക്കാനായി ഏകദേശം 5 കിലോമീറ്റർ പരിധിയിലെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്. ഏകദേശം 1000 സിസിടിവി ക്യാമറകൾ. സംശയം തോന്നിയ 10 വാഹനത്തിൽ നിന്നുമാണ് കവർച്ചാസംഘം എത്തിയ ചുവന്ന കാർ കണ്ടെത്തിയത്.
പിടിതരാതെ ഇന്റർനെറ്റ് കോളിങ്
കവർച്ച നടത്തുന്ന സംഘത്തിലുള്ളവർ മൊബൈലിൽ സിം ഉപയോഗിക്കുകയില്ല. പകരം മോഡത്തിന്റെ സഹായത്തോടെ നെറ്റ് കോളിലൂടെയാണ് ആശയ വിനിമയം നടത്തുന്നത്. വടകരയിൽ നിന്നും കാസർകോട് നിന്നും നെറ്റ് കോൾ വിളിച്ചത് അന്വേഷണ സംഘം കണ്ടെത്തിയതും പ്രതികളെ കണ്ടെത്താൻ സഹായിച്ചു.
3 കിലോമീറ്റർ 8 വൻകവർച്ചകൾ
ചിതപ്പിലെപൊയിലിൽ ഒരു വർഷത്തിനുള്ളിൽ മൂന്നു കിലോമീറ്ററിനുള്ളിൽ എട്ട് വൻ കവർച്ചകൾ. കവർന്നത് 125 പവൻ സ്വർണവും മൂന്നു ലക്ഷം രൂപയും. രണ്ടു മാസം മുൻപെത്തിയ മുഖംമൂടിധാരികളായ കവർച്ചാ സംഘം വീട്ടിലുണ്ടായിരുന്ന വയോധികയെ കെട്ടിയിട്ടാണു കവർച്ച നടത്തിയത്. വ്യാപകമായി നടന്ന കവർച്ച ജനങ്ങളെ ആശങ്കയിലാക്കിയെന്നു മാത്രമല്ല, പൊലീസിനെതിരെയുള്ള പ്രതിഷേധവും കനത്തു. ഇതോടെയാണ്, അന്വേഷണത്തിന് ഒരു പ്രത്യേക സംഘം വേണമെന്ന് ജില്ലാ റൂറൽ പൊലീസ് മേധാവി എം.ഹേമലത നിർദേശിച്ചത്.
അണിഞ്ഞത് സ്വാമിവേഷം
പ്രതികളെ പിടികൂടാൻ കോയമ്പത്തൂരിലും സമീപപ്രദേശങ്ങളിലായി ദിവസങ്ങളോളമാണ് പൊലീസ് വാഹനത്തിൽ സഞ്ചരിച്ചത്. അന്വേഷണത്തിന് നാട്ടുകാരുടെ സഹകരണത്തിനു വേണ്ടി സ്വാമി വേഷമാണ് പൊലീസ് ധരിച്ചത്. അതിനാൽ, നാട്ടുകാർക്കും സംശയം തോന്നിയില്ല. അൽപം ഭക്തിയും ബഹുമാനവും കൂടുതൽ ലഭിക്കുകയും ചെയ്തു!
തമിഴ്നാട് നാമക്കൽ സ്വദേശി സുള്ള്യൻ സുരേഷിനെ തമിഴ്നാട്ടിലെ ജോലാർപേട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷ് മറ്റൊരു ഒളിസങ്കേതത്തിലേക്കു മാറാൻ വേണ്ടി ജോലാർപേട്ട റെയിൽവേ സ്റ്റേഷനിലേക്കു പോകുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
ഓടിയാലും പിടിവീഴും
സുരേഷിന്റെ കൂട്ടാളി ഷേയ്ഖ് അബ്ദുല്ല കോയമ്പത്തൂരിനടുത്ത ബസ് സ്റ്റാൻഡിൽ പിടിയിലായി. അന്വേഷണ സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സ്ക്വാഡ് പിറകെ ഓടി അയാളെ കീഴടക്കുകയായിരുന്നു. സുള്ള്യൻ സുരേഷിനെയും ഷേയ്ഖ് അബ്ദുല്ലയെയും പരിയാരം സ്റ്റേഷനിൽ എത്തിച്ചതിനു ശേഷമാണു കോടതിയിൽ ഹാജരാക്കിയത്. ഇരുവരും റിമാൻഡിലാണ്. സംഘത്തിലെ മറ്റ് അംഗങ്ങളായ ജെറാൾഡ്, രഘു എന്നിവരെ ആന്ധ്രയിൽ നിന്നും സഞ്ജീവ് കുമാറിനെ കോയമ്പത്തൂർ സുളൂരിരിൽ നിന്നുമാണു പിടികൂടിയത്.
പരിയാരം സ്ക്വാഡ് വരുന്നു...
പരിയാരം പൊലീസ് സ്റ്റേഷനിൽ നിന്നുള്ളവർക്കു പുറമേ, ജില്ലയിലെ വിവിധ പൊലീസ് സേനാംഗങ്ങളെ ഉൾക്കൊള്ളിച്ചാണ് പരിയാരം സ്ക്വാഡ് രൂപീകരിച്ചത്. പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ, പരിയാരം ഇൻസ്പെക്ടർ പി.നളിനാക്ഷൻ, എസ്ഐ പി.സി.സഞ്ജയ്കുമാർ, എഎസ്ഐ സയിദ്, സീനിയർ സിപിഒമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, രജീഷ്, ഷിജോ അഗസ്റ്റിൻ, സോജി അഗസ്റ്റിൻ, എഎസ്ഐ ചന്ദ്രൻ, വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കൊലപാതക കേസുകളിലും പ്രതി
സുള്ള്യൻ സുരേഷ് കൊലപാതകം ഉൾപ്പെടെ എൺപതോളം കേസുകളിൽ പ്രതിയാണ്. മറ്റ് പ്രതികളുടെ പേരിലും ഒട്ടേറെ കേസുകളുണ്ട്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സുള്ള്യൻ സുരേഷ് 2010ൽ മൊബൈൽ ഫോൺ കവർച്ചയിലൂടെയാണ് മോഷണ രംഗത്ത് എത്തിയത്.
പ്രാദേശിക സഹായമുണ്ടോ ?
സംഘത്തിനു ഇവിടെ പ്രാദേശിക സഹായം ലഭിക്കുന്നുണ്ടോ എന്ന സംശയം സ്ക്വാഡിനുണ്ട്. എന്നാൽ, സഹായമില്ലെന്നാണു പ്രതികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള സംഘത്തിനു പരിയാരത്തെ ഒരു വീട്ടിൽ രാത്രിയിൽ ഗൃഹനാഥൻ യാത്ര പോയത് എങ്ങനെ അറിയാൻ സാധിച്ചു എന്നതിന്റെ ദുരൂഹത ഇനിയും ചുരുളഴിയാനുണ്ട്.
പ്രതികൾ പൊലീസിന് പിന്നാലെ
അതുപോലെ, പൊലീസ് സ്ക്വാഡ് പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തിയതുപോലെ പൊലീസിന്റെ ലൊക്കേഷൻ പ്രതികൾക്കും കിട്ടുന്നുണ്ടായിരുന്നു. സംഘത്തിന്റെ വാർത്ത മലയാള പത്രത്തിൽ വന്നത് തമിഴ്നാട് പ്രതികൾക്കു ലഭിക്കുകയും ഇവ തമിഴ് ഭാഷയിലേക്കു മാറ്റി പ്രതികൾ വാർത്ത മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട്, പ്രാദേശിക സഹായമില്ലെന്ന പ്രതികളുടെ മൊഴി പൊലീസ് കാര്യമാക്കിയിട്ടില്ല.
വന്ന വഴി പോകാതെ കവർച്ചാ സംഘം
പരിയാരം സ്ക്വാഡ് കണ്ടെത്തിയ ചുവന്നകാർ കോയമ്പത്തൂരിൽ നിന്നു വ്യാജ നമ്പറിൽ പാലക്കാട് വഴിയാണ് കണ്ണൂരിൽ എത്തിയത്. സംഘം പാലക്കാട് രാത്രി നിർത്തിയിട്ട വാഹനത്തിൽ നിന്ന് ഡീസൽ മോഷ്ടിച്ചെന്നും കണ്ടെത്തി. മദ്യക്കുപ്പികളും വാഹനത്തിലുണ്ടായിരുന്നു. എന്നാൽ, പരിയാരത്ത് രാത്രി കവർച്ച നടത്തി മടങ്ങിയത് മറ്റൊരു വഴി. കാസർകോട് മടിക്കേരി വഴി കോയമ്പത്തൂരിലേക്കു മടങ്ങിയ സംഘത്തെ കണ്ടെത്താൻ ദേശീയപാത കാസർകോട് വരെയുള്ള സിസിടിവി പരിശോധിക്കേണ്ടി വന്നു.
‘നല്ല സമയം’ നോക്കാൻ ജ്യോതിഷികളും
തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കവർച്ച നടത്തുന്ന ഈ സംഘത്തിൽ 25 അംഗങ്ങളുണ്ട്. കോയമ്പത്തൂർ ആസ്ഥാനമാക്കിയാണു സംഘം പ്രവർത്തിക്കുന്നത്. സുള്ള്യൻ സുരേഷ് എന്ന പേരിൽ അറിയപ്പെടുന്നയാളാണ് തലവൻ. കവർച്ച നടത്തേണ്ട വീടുകൾ ഇയാളാണു കണ്ടെത്തുക. അതിനായി ഇയാൾ ആദ്യം ഓരോ സ്ഥലത്തും നേരിട്ടു ചെല്ലും. യഥാർഥ കവർച്ചയ്ക്കും മാസങ്ങൾക്കു മുൻപേയാണിത്. തുടർന്ന് കവർച്ച നടത്താൻ ഓരോ സ്ഥലത്തേക്കും നാലു പേരെ വീതം സുരേഷ് നിയോഗിക്കും. അവർക്കൊപ്പം സുരേഷും വരും. കവർച്ച നടത്തിക്കഴിഞ്ഞാൽ ഉടൻതന്നെ കോയമ്പത്തൂരിലേക്കു മടങ്ങും. കവർച്ച നടത്താൻ കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന സമയം, കവർച്ച നടത്തേണ്ട സമയം തുടങ്ങിയവ തീരുമാനിക്കുന്നത് മുഹൂർത്തം നോക്കിയാണ്. ‘നല്ല സമയം’ കണ്ടെത്താനായി ജ്യോതിഷം പഠിച്ചവരെയും സംഘത്തിൽ ചേർത്തിയിട്ടുണ്ട്. സംഘം ആരാധനാലയത്തിൽ നേർച്ചയും നൽകാറുണ്ട്.