ADVERTISEMENT

തളിപ്പറമ്പ് ∙ ജില്ല മുഴുവൻ കൊതുകുജന്യ രോഗങ്ങൾക്കു പ്രതിരോധ സംവിധാനമൊരുക്കേണ്ട ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിനു സ്വന്തമായി വാഹനവുമില്ല, ആവശ്യത്തിനു ജീവനക്കാരുമില്ല. ജനങ്ങൾക്ക് ഏറ്റവുമധികം ഭീഷണിയാകുന്ന മലേറിയ, ഡെങ്കിപ്പനി, മന്ത് തുടങ്ങിയവയ്ക്കു പ്രതിരോധ സംവിധാനമൊരുക്കേണ്ട വിഭാഗത്തിന്റെ ജില്ലാ കേന്ദ്രമാണു തളിപ്പറമ്പ് മാർക്കറ്റിനു സമീപം അനാഥമായിരിക്കുന്നത്. 15 വർഷമായ വാഹനങ്ങൾ ഓടാൻ പാടില്ലെന്ന കോടതി നിർദേശമനുസരിച്ചു വാഹനങ്ങൾ കയറ്റി വയ്ക്കേണ്ടി വന്നപ്പോ‍ൾ ഫൈലേറിയ കൺട്രോൾ യൂണിറ്റിന്റെ 23 വർഷം പിന്നിട്ട വാഹനവും ഓടാൻ പറ്റാത്ത സാഹചര്യത്തിലായി.

മന്തുരോഗ പരിശോധനകൾക്കായി രാത്രികാലങ്ങളിൽ മെഡിക്കൽ ക്യാംപുകൾ നടത്താൻ പോകേണ്ട ഇവർക്കു പകരം വാഹനം അനുവദിക്കണമെന്നു മാസങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.   ജില്ലയിൽ കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി എന്നിവിടങ്ങളിൽ തളിപ്പറമ്പ് കേന്ദ്രത്തിന്റെ കീഴിൽ ഫൈലേറിയ നിയന്ത്രണ ഉപകേന്ദ്രങ്ങളുണ്ട്. അവിടെയും ഇതു തന്നെയാണ് അവസ്ഥ. ഇപ്പോഴത്തെ കണക്കുപ്രകാരം ജില്ലയിൽ 800 ഓളം മന്തുരോഗികൾ ഉണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ കൂടുതലായും മന്തുരോഗ വാഹകർ.

മാസങ്ങൾക്കു മുൻപു ജില്ലയിൽ 2381 അതിഥിത്തൊഴിലാളികളെ പരിശോധിച്ചപ്പോൾ ഇതിൽ 30 പേരെ മന്തുരോഗം പരത്താൻ സാധിക്കുന്ന അണുക്കളുടെ വാഹകരായി കണ്ടെത്തിയിരുന്നു. ഇവരെ കടിക്കുന്ന കൊതുകൾ മറ്റുള്ളവരെ കടിച്ചാൽ അവർക്കും രോഗം പടരാം. ഇത്തരത്തിൽ കണ്ടെത്തിയവർക്കു മരുന്നുകൾ നൽകി നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായി ജില്ലയിൽ എത്തിക്കൊണ്ടിരിക്കുന്ന അതിഥിത്തൊഴിലാളികളിൽ കൂടുതൽപേർ വാഹകരായി ഉണ്ടാകാം. എന്നാൽ ഇവരെ പരിശോധിക്കാൻ പോകാൻ സംവിധാനമില്ലാത്ത സ്ഥിതിയിലാണു തളിപ്പറമ്പിലെ ജില്ലാ പരിശോധന കേന്ദ്രം. വാഹനം വാടകയ്ക്ക് എടുത്തു പോകാനും ഇവർക്ക് അനുമതിയില്ല. 

ജില്ലയിലെ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ മന്തുരോഗ, ഡെങ്കി, മലേറിയ പരിശോധനാ ക്യാംപുകൾ നടത്താൻ തീരുമാനിച്ചാൽ പ്രസ്തുത തദ്ദേശസ്ഥാപനം അയച്ചു കൊടുക്കുന്ന വാഹനത്തിലാണ് ഇവിടെനിന്നു പരിശോധനയ്ക്കു പോകേണ്ടത്. കൊതുക് നശീകരണത്തിനു ഫോഗിങ് നടത്തണമെങ്കിലും പഞ്ചായത്തുകൾ വാഹനം അയച്ചു കൊടുക്കണം. ബയോളജിസ്റ്റ് തസ്തികയിലുള്ള ആൾക്കാണു കേന്ദ്രത്തിന്റെ ചുമതലയെങ്കിലും വർഷങ്ങളായി ആരോഗ്യ വകുപ്പിന്റെ ഇൻചാർജ് മേധാവിയാണ് ഈ സ്ഥാനത്തുള്ളത്.

കൊതുക് നിയന്ത്രണത്തിനുള്ള 45 ഫീൽഡ് സ്റ്റാഫുകൾ വേണ്ടതിൽ 19 ഉം ഒഴിവാണ്. കൊതുകുകളെ പിടിച്ചു ലാർവകളെ പരിശോധിക്കാനുള്ള ജീവനക്കാരും മുഴുവൻ പേരുമില്ല. 3 ഫൈലേറിയ ഇൻസ്പെക്ടർമാർ വേണ്ടതിലും 2 പേർ മാത്രമേ ജില്ലയിലുള്ളൂ. 1945ൽ നിർമിച്ച ഓടുമേഞ്ഞ പഴഞ്ചൻ കെട്ടിടത്തിലാണ് ഇപ്പോഴും കേന്ദ്രത്തിന്റെ പ്രവർത്തണം. 

സർക്കാർ വാഹനം ലഭ്യമല്ലെങ്കിൽ വിവിധ സന്നദ്ധ സംഘടനകളും എൻജിഒകളും ആശുപത്രികൾക്ക് ആംബുലൻസുകൾ നൽകുന്നതുപോലെ മന്തുരോഗ നിവാരണ കേന്ദ്രത്തിനും വാഹനം നൽകാൻ തയാറായാൽ ഈ കേന്ദ്രത്തിന്റെ പ്രവർത്തനം സുഗമമാക്കുവാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com