പൊലീസിനുനേരെ കുപ്പിയേറ്, വടിവാൾ ആക്രമണം; ഒരു പൊലീസുകാരന് പരുക്കേറ്റു
Mail This Article
കണ്ണൂർ ∙ സംശയാസ്പദമായ രീതിയിൽ കണ്ട കാറിനെ പിന്തുടർന്ന കണ്ണൂർ എടക്കാട് പൊലീസിനു നേരെ ആക്രമണം. പൊലീസ് വാഹനത്തിനുനേരെ കുപ്പി എറിഞ്ഞ അജ്ഞാത സംഘം, പൊലീസിനു നേരെ വടിവാൾ വീശി. ഒരു പൊലീസുകാരനു പരുക്കേറ്റു. പൊതുവാച്ചേരിയിലെ ഭാസ്കരൻ പീടികയ്ക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് സംഭവം.
കാറിൽനിന്നു കുപ്പി എറിഞ്ഞതിനെത്തുടർന്ന് പൊലീസ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ചില്ല് ദേഹത്തേക്ക് തെറിച്ചാണു സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അനിൽ കുമാറിന് പരുക്കേറ്റത്. പൊലീസ് വാഹനം കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണു കാറിലുണ്ടായിരുന്നവർ വടിവാൾ വീശിയത്.
നിയന്ത്രണം വിടുമെന്നായപ്പോൾ പൊലീസ് വാഹനം റോഡരികിലേക്ക് വെട്ടിച്ചു. ഈ സമയം കാർ വേഗത്തിൽ കടന്നുപോയി. പരുക്കേറ്റ അനിൽ കുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക റജിസ്ട്രേഷനുള്ള കാറായിരുന്നെന്നു പൊലീസ് പറഞ്ഞു. കെ.ലവൻ, അജീഷ് കുമാർ എന്നിവരും പൊലീസ് വാഹനത്തിലുണ്ടായിരുന്നു.
ലഹരിമരുന്ന് കേസിൽ ഈയിടെ പൊതുവാച്ചേരിയിലുള്ള പ്രതിക്കുനേരെ പൊലീസിന്റെ കർശന നടപടിയുണ്ടായിരുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.