ADVERTISEMENT

ചാണോക്കുണ്ട് ∙ തളിപ്പറമ്പ് – കൂർഗ് ബോർഡർ സംസ്ഥാനപാതയിൽ കരുണാപുരം പള്ളിക്കു മുന്നിൽ നിർത്തിയിട്ട സ്വകാര്യബസിൽ പിന്നാലെ വന്ന മറ്റൊരു സ്വകാര്യബസ് ഇടിച്ച് ഇരുപത്തിയഞ്ചോളം പേർക്കു പരുക്ക്.ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട ബസ് മുന്നോട്ടു നീങ്ങിയപ്പോൾ, ബസിനടിയിൽപ്പെട്ടു കരുവഞ്ചാൽ കോട്ടക്കടവിലെ ചെരുവിൽ മോളി ജോസഫിന്റെ(57) കാലിനു സാരമായ പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് അപകടം.തളിപ്പറമ്പിൽനിന്ന് പരപ്പയിലേക്കു പോവുകയായിരുന്ന ബസിലേക്ക് ഇരിട്ടിയിൽനിന്നു ചെറുപുഴയിലേക്കു പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.രണ്ടു ബസുകളിലുമായി ഉണ്ടായിരുന്ന യാത്രക്കാർക്കും പരുക്കേറ്റു.സിസ്റ്റർ ജോസ്‌ലി മാനന്തവാടി (63), മറിയ ജോസ് ചെമ്പേരി (56), അജ്മൽ മുഹമ്മദ് പേരാവൂർ (25), എം.പി.ഫിദ നടുവിൽ, സ്നേഹ വിൽസൺ കുടിയാൻമല (20), അമൽ ഫിലിപ് കുടിയാൻമല (20) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നിന്നു പ്രഥമ ശുശ്രൂഷ നൽകി വിട്ടു.

ഇന്നലെ രാവിലെ തിരുനാൾ കുർബാന കഴിഞ്ഞിറങ്ങുന്ന ആളുകളെ കയറ്റാൻ പള്ളിക്കു മുന്നിൽ നിർത്തിയിട്ടതായിരുന്നു ബസ്. പിന്നാലെ വന്ന ബസ് എതിരെ വന്ന ടിപ്പർ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണു നിർത്തിയിട്ട ബസിൽ ഇടിച്ചത്. ഇതേസമയം, നിർത്തിയിട്ട ബസിൽ കയറാൻ റോഡ് കുറുകെ കടന്നു ബസിന്റെ മുന്നിലൂടെ പോവുകയായിരുന്നു മോളിയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് ചിറ്റിലപ്പള്ളി ധന്യയും(35). ഉടനെ മുന്നോട്ടു നീങ്ങിയ ബസ് ഇരുവരെയും ഇടിക്കുകയും മോളിയുടെ കാൽ ബസിന്റെ ടയറിനടിയിൽ കുടുങ്ങുകയുമായിരുന്നു. ധന്യ ബസ് തട്ടിയ ആഘാതത്തിൽ വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ടയറിനടിയിൽ കുടുങ്ങിയ മോളിയുടെ കാൽ ബസ് നീക്കിയാണു പുറത്തെടുത്തത്. അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com