കെഎസ്ഇബി ജീവനക്കാരെ വട്ടം ചുറ്റിച്ചു കാക്കകൾ
Mail This Article
പിണറായി ∙ കെഎസ്ഇബി ജീവനക്കാരെ വട്ടം ചുറ്റിച്ചു കാക്കകൾ. കൂടൊരുക്കാനായി കൊത്തിയെടുത്ത കെട്ടുകമ്പികളും നേരിയ കമ്പികളും പറക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ വീണു വൈദ്യുതി മുടങ്ങുന്നതു ലൈൻമാൻമാരെ ചുറ്റിക്കുന്നു. നേരിയ കമ്പികൾ വൈദ്യുതി ലൈനിൽ വീണു ലൈനുകൾ ഷോർട്ടാവുന്നതു മൂലം വൈദ്യുതി നിലയ്ക്കും. ലൈൻമാൻമാർ വൈദ്യുതി മുടങ്ങിയ കാരണം തേടി അലയേണ്ടി വരുന്നു. വളരെ നേർത്ത കമ്പികൾ ആയതിനാൽ താഴെനിന്ന് നോക്കിയാൽ ലൈനിൽ കമ്പികൾ കുടുങ്ങിക്കിടക്കുന്നതു പലപ്പോഴും കാണാനാവില്ല.
കഴിഞ്ഞദിവസം പിണറായിൽ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടതിനെത്തുടർന്ന് ജീവനക്കാരുടെ പരിശോധനയിൽ ലൈനിൽ കണ്ടെത്താനായത് പ്ലാസ്റ്റിക് ബക്കറ്റിന്റെ ദ്രവിച്ച കൈപ്പിടിയാണ്. പറമ്പിലും പൊതു ഇടങ്ങളിലും അലക്ഷ്യമായി തള്ളുന്ന സാധനങ്ങളാണ് കാക്കകളും പക്ഷികളും കൊത്തിയെടുത്തു പറക്കുന്നത്. ഹൈടെൻഷൻ ലൈനിൽ പ്രവൃത്തി നടക്കുമ്പോൾ ഇത്തരം സാധനങ്ങൾ ലൈനിൽ പതിച്ചാൽ ദുരന്തസാധ്യത ഏറെയാണ്.