അനധികൃതമായി കാറിൽ സൂക്ഷിച്ച ചന്ദനം പിടികൂടി; 3 പേർ അറസ്റ്റിൽ
Mail This Article
മട്ടന്നൂർ∙കാറിൽ സൂക്ഷിച്ച ചന്ദനം പിടികൂടി. ശിവപുരം മരുവഞ്ചേരിയിൽ കെ.പി.പ്രജിത്തിന്റെ വീട്ടുപരിസരത്ത് നിർത്തിയിട്ട കാറിൽ നിന്നാണ് 16 കിലോഗ്രാം ചന്ദന മരത്തടി പിടികൂടിയത്. വെങ്ങാടുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നിരുന്ന ചന്ദനമാണ് മുറിച്ചുകടത്തിയത്.
സംഭവത്തിൽ പ്രജിത്തിനെയും സഹായി മരുവഞ്ചേരിയിലെ ലക്ഷം വീട് കോളനിയിലെ നിധീഷ്, വിനോദ് എന്നിവരെയും വാഹനവും ചന്ദനവും കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ചന്ദനത്തിന് 15000 രൂപ വിലയുണ്ട്.
കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. റേഞ്ച് ഓഫിസറെ കൂടാതെ തോലമ്പ്ര സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വിനോദ്, ബിഎഫ്ഒമാരായ ജിതിൻ, സയന, രമ്യ, ഫോറസ്റ്റ് വാച്ചർ ശോഭ, ഫോറസ്റ്റ് ഡ്രൈവർ പ്രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.