ഡീലർഷിപ്പിന്റെ പേരിൽ 13.96 ലക്ഷം രൂപ തട്ടി: കെണിയായത് ഗൂഗിളിൽ കണ്ട വ്യാജ വെബ്സൈറ്റ്
Mail This Article
കണ്ണൂർ∙ പെയിന്റ് കമ്പനിയുടെ ഡീലർഷിപ്പിന്റെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ യുവാവിനു നഷ്ടമായത് 13.96 ലക്ഷം രൂപ. ഗൂഗിളിൽനിന്നു കിട്ടിയ വെബ്സൈറ്റിൽ പ്രവേശിച്ച്, യഥാർഥ വെബ്സൈറ്റാണെന്നു കരുതി വിവരങ്ങൾ നൽകിയ യുവാവിനാണു പണം നഷ്ടമായത്. ഫോൺ നമ്പറും ഇമെയിൽ ഐഡിയും നൽകിയതോടെ യുവാവിന്റെ വാട്സാപ്പിലേക്കും ഇമെയിലേക്കും വ്യാജ കമ്പനിയിൽ നിന്നു സന്ദേശങ്ങളെത്തി. റജിസ്‌ട്രേഷനുള്ള ഫോമുകളും ഫോൺ നമ്പറും ലഭിച്ചു.
തുടർന്ന് യുവാവ് ഫോമുകൾ പൂരിപ്പിച്ച് ഇമെയിലിൽ അയച്ചു കൊടുത്തു. പിന്നീട് ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ, ഡീലർഷിപ്പിനുള്ള തുക വ്യാജ കമ്പനി ആവശ്യപ്പെടുകയും തവണകളായി അയച്ചു നൽകുകയും ചെയ്യുകയായിരുന്നു. ലൈസൻസിനും മറ്റും കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണു യുവാവിനു സംശയം തോന്നിയത്.
പണം അയച്ചു നൽകിയ അക്കൗണ്ട് കമ്പനിയുടേതല്ലെന്നും വ്യക്തിഗത അക്കൗണ്ട് ആണെന്നും ബാങ്കിൽ നിന്നു വിവരം നൽകി. ഇതോടെയാണു തട്ടിപ്പു പുറത്തായത്. തുടർന്നു സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഫോണിലൂടെ ബാങ്കിംഗ് വിശദാംശങ്ങൾ ചോദിച്ചാൽ നൽകരുതെന്നു സൈബർ പൊലീസ് പറഞ്ഞു.പൊലീസ് ഹെൽപ്‌ലൈൻ: 1930. www.cybercrime.gov.in.