തിരുമുടിയണിഞ്ഞ് പത്മശ്രീ
Mail This Article
കണ്ണൂർ∙ മുച്ചിലോട്ടമ്മയുടെ തിരുമുടി അണിഞ്ഞപ്പോൾ പത്മശ്രീ തിളക്കത്തിൽ നിന്ന് ദേവിയുടെ അനുഗ്രഹഭാവത്തിന്റെ സമ്പൂർണതയിലെത്തി ഇ.പി.നാരായണൻ പെരുവണ്ണാൻ (68).വളപട്ടണം മുച്ചിലോട്ട് ഭഗവതി കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം തുടങ്ങാൻ ഒരുങ്ങുമ്പോഴാണു ഇ.പി.നാരായണൻ പെരുവണ്ണാനെ തേടി പത്മശ്രീ പ്രഖ്യാപനമെത്തുന്നത്.
ഇന്നലെ പെരുവണ്ണാൻ തിരുമുടി അണിയുന്നതു കാണാനും നേരിട്ടും ഫോണിൽ വിളിച്ചും അഭിനന്ദിച്ചവരിൽ പലരുമെത്തിയിരുന്നു. മുച്ചിലോട്ടമ്മയുടെ കോല സ്വരൂപത്തിൽ ദൈവമായി മാറിയ തിരുരൂപത്തിന്റെ മുൻപിൽ അനുഗ്രഹം തേടുന്ന ഭക്തജനങ്ങളായി പിന്നീട് ക്ഷേത്രത്തിലെത്തിയവർ.
വളപട്ടണം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുന്നത് ദർശിക്കാൻ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. രാത്രി 12 ന് ആറാടിക്കലോട് കൂടി 5 ദിവസമായി നടന്നുവന്ന കളിയാട്ട ഉത്സവത്തിന് സമാപനമായി.തെയ്യം രംഗത്ത് 6 പതിറ്റാണ്ടിലേറെയായി തുടരുന്ന നാരായണ പെരുവണ്ണാൻ നാലാം വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങിയാണ് അനുഷ്ഠാന മേഖലയിൽ ചുവട് വച്ച് തുടങ്ങിയത്. പതിമൂന്നാം വയസ്സിൽ പനക്കാട് ചെറുവയലിൽ പാടാർകുളങ്ങര വീരൻ കെട്ടിയാടിയാണ് തെയ്യാട്ടത്തിലേക്ക് ചുവടുവെച്ചത്.