ADVERTISEMENT

മാഹി∙ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ ഇന്നലെ പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമിയുടെ ചേംബറിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം എടുത്തതായി രമേശ് പറമ്പത്ത് എംഎൽഎ അറിയിച്ചു. മാഹി ഗവ. ആശുപത്രിയുടെ ഭാഗമായി നിർമിക്കുന്ന ട്രോമ കെയർ കെട്ടിട നിർമാണം ഉൾപ്പെടെ പൂർത്തിയാക്കാനുള്ള ടെൻഡർ നടപടികൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.  പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഏറ്റെടുത്ത സ്ഥലത്ത് കെട്ടിട നിർമാണം തുടങ്ങാനുള്ള പ്രാരംഭ നടപടികൾ ഉടനെ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. നബാർഡിൽ നിന്നും ആവശ്യമായ വായ്പ ലഭ്യമാക്കി അടുത്ത സാമ്പത്തിക വർഷം തന്നെ കെട്ടിട നിർമാണം പൂർത്തിയാക്കും.

മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകളും നിർമിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളും.   ആയുർവേദ ആശുപത്രിയുടെ മുകളിൽ പുതുതായി കെട്ടിടം പണിയാനും പുതിയ ഒ.പി ഡിപാർട്ട്മെന്റ് പ്രവർത്തിപ്പിക്കാനും നടപടിയുണ്ടാവും. മാഹി നഴ്സിങ് കോളജ് ഈ അധ്യയന വർഷം തന്നെ തുടങ്ങും. ആദ്യവർഷം 30 മുതൽ 40 വരെ സീറ്റുകളാണ് ഉണ്ടാവുക. 

മാഹി ഗവ.എൽ.പി.സ്കൂൾ നഴ്സിങ് കോളജിനായി ഉപയോഗിക്കും. പ്രാരംഭ നടപടികൾ തുടങ്ങി. മാഹി ഗവ.ആശുപത്രിയിൽ കൂടുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ ഒരു മാസത്തിനകം നിയമിക്കും. മതിയായ മെഡിക്കൽ ഓഫിസർമാരെയും ഉടനെ നിയമിക്കും. പ്രാരംഭ നടപടികൾ ഉടനെ തുടങ്ങാൻ നിർദേശം നൽകി.   മാഹി മഞ്ചക്കൽ ബോട്ട് ഹൗസിൽ ടൂറിസം വകുപ്പിന് കീഴിൽ ഉണ്ടായിരുന്ന ലേ കഫെ റസ്റ്ററന്റ് നവീകരിച്ച് ഉടനെ പ്രവർത്തനം തുടങ്ങാൻ നിർദേശം നൽകി. മാഹി പുഴയോര നടപ്പാതയുടെ നിർമാണം ബാക്കിയായ കുറച്ച് ഭാഗം ഉടനെ പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രമേശ് പറമ്പത്ത് എംഎൽഎയുടെ അഭ്യർഥന പ്രകാരം മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പൊതുമരാമത്ത് മന്ത്രി കെ.ലക്ഷ്മി നാരായണ, ആരോഗ്യ സെക്രട്ടറി പങ്കജ് കുമാർ ഝാ, പൊതുമരാമത്ത് സെക്രട്ടറി മണി കണ്ഠൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ശ്രീരാമലു, ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ഡയറക്ടർ ഡോ.മുരളി, ആയുഷ് ഡയറക്ടർ ഡോ.ആർ.ശ്രീധർ, ഫിനാൻസ് അണ്ടർ സെക്രട്ടറി അർജുൻ രാമകൃഷ്ണൻ, പി.ഡബ്ല്യുഡി ചീഫ് എൻജിനീയർ വീരശെൽവം, മാഹി അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, ടൂറിസം ഡയറക്ടർ മുരളി, ആരോഗ്യ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ പി.ഇസ്ഹാഖ്, ആയുർവേദ കോളജ് പ്രിൻസിപ്പൽ കൃബേർ സംഗ്, മാഹി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സുബ്ബരായൻ, പി.പി.രാജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com