മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം 6ന്
Mail This Article
ഇരിട്ടി∙ സംസ്ഥാനത്ത് ആദ്യമായി ജനങ്ങൾ വാങ്ങി നൽകിയ സ്ഥലത്ത് ഉയർന്ന മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ കാര്യാലയം 6 ന് 10.30 മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അറിയിപ്പു ലഭിച്ചതോടെ മുറ്റത്തിന്റെ ഉൾപ്പെടെ അവസാനഘട്ട മിനുക്കു പണികൾ പൊലീസുകാരുടെ കൂടി സേവനം ഉപയോഗപ്പെടുത്തി ഊർജിതമാക്കിയിട്ടുണ്ട്. ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്ന കാക്കയങ്ങാട് - പാല റോഡിലെ വാടക കെട്ടിട സൗകര്യവും ജനകീയ കൂട്ടായ്മയിൽ ഒറ്റ ദിവസം കൊണ്ട് കണ്ടെത്തിയാണ് 2016 ജൂലൈ 2 ന് ഉദ്ഘാടനം ചെയ്തത്.
പരിമിതമായ സൗകര്യമുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനുള്ള അസൗകര്യങ്ങൾ മനസ്സിലാക്കിയാണ് ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്മിറ്റി കാക്കയങ്ങാട് ടൗണിനു സമീപം പുന്നാട് റോഡിൽ പിടാങ്ങോട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 45 സെന്റ് സ്ഥലം 16 ലക്ഷം രൂപയ്ക്ക് വാങ്ങി ഡിജിപിയുടെ പേരിൽ റജിസ്റ്റർ ചെയ്തു നൽകിയത്.
∙ 7000 ചതുരശ്ര അടി ഉള്ള 2 നില കെട്ടിടം
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു കാക്കയങ്ങാട് ആസ്ഥാനമാക്കി മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചു കിട്ടുന്നതിനുള്ള ശ്രമം മുതൽ ഓരോ ഘട്ടത്തിലും ജനങ്ങൾ നടത്തിയ ഇടപെടൽ മാതൃകാപരമാണ്. ഇരിട്ടി പൊലീസ് സ്റ്റേഷൻ വിഭജിച്ചാണ് തില്ലങ്കേരി, മുഴക്കുന്ന് വില്ലേജുകളെ ഉൾപ്പെടുത്തി പുതിയ പൊലീസ് സ്റ്റേഷൻ യാഥാർഥ്യമാക്കിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 1.75 കോടി രൂപ അനുവദിച്ചാണു 2 നിലകളിൽ ആയി 7000 ചതുരശ്ര അടിയുള്ള കെട്ടിടം പണിതത്.
∙ സംഘാടക സമിതി രൂപീകരിച്ചു
ജനകീയ പങ്കാളിത്തത്തോടെ യാഥാർഥ്യമാകുന്ന പൊലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.വി.വിനോദ്കുമാർ, പേരാവൂർ ഡിവൈഎസ്പി ടി.കെ.അഷ്‌റഫ്, സിഐ കെ.സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.എഫ്.സെബാസ്റ്റ്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.രാജു, ഒമ്പാൻ ഹംസ, എം.ഷിബു, സി.കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡിവൈഎസ്പിയാണ് സംഘാടക സമിതി ചെയർമാൻ.