ആറാട്ടുകടവ് കോളനിയിൽ ശുദ്ധജലക്ഷാമം രൂക്ഷം
Mail This Article
ചെറുപുഴ∙ വേനൽ ആരംഭിച്ചതോടെ ആറാട്ടുകടവ് കോളനിയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ചെറുപുഴ പഞ്ചായത്തിന്റെ 5-ാം വാർഡിൽപെട്ട ആറാട്ടുകടവ് കോളനിയിൽ ഇപ്പോൾ 11 കുടുംബങ്ങളാണു ഉള്ളത്. എന്നാൽ വർഷങ്ങളായി കോളനിയിൽ കുടിവെള്ള സംവിധാനമില്ല. ഇതുമൂലം വേനൽക്കാലത്തു പുഴത്തീരത്തു കുഴിയുണ്ടാക്കി അതിൽ നിന്നു കുടിവെള്ളം ശേഖരിക്കുകയാണു പതിവ്.
കോളനി നിവാസികൾ തുണി അലക്കുന്നതിനു പുറമേ പാത്രങ്ങൾ കഴുകാനും പുഴയെയാണു ആശ്രയിക്കുന്നത്. വേനൽ കടുക്കുന്നതോടെ തേജസ്വിനിപ്പുഴയുടെ ആറാട്ടുകടവ് ഭാഗത്തു ഒട്ടേറെ കുഴികളുണ്ടാകും. പുഴയിലെ ജലനിരപ്പ് താഴുന്നതിനുസരിച്ച് കുഴികൾ മാറ്റി കുഴിക്കും.
പുഴത്തീരത്തു കുഴികൾ ഉണ്ടാക്കിയ ശേഷം മരത്തിന്റെ ഇലകളും പൂക്കളും വീഴാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടിയിടുകയാണു ചെയ്യുന്നത്. കോളനിയിൽ കുടിവെള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിനു ഏറെ കാലപ്പഴക്കമുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു കോളനി നിവാസികൾ പറയുന്നത്.