കൊട്ടിയൂരിന് ഉണ്ടെടോ സ്വന്തമായൊരു പല്ലി !: ചർച്ചയായ ‘കൊട്ടിയൂർ മരപ്പല്ലി’ സത്യമോ?
Mail This Article
പേരാവൂർ∙ വർഷങ്ങൾക്ക് മുൻപ്, കസ്തൂരിരംഗൻ റിപ്പോർട്ടിന് എതിരെയുള്ള പ്രതിഷേധത്തിൽ ടൗണിൽ സമരങ്ങൾ കത്തിയെരിയുമ്പോൾ കൊട്ടിയൂർ കാടിനുള്ളിലിരുന്ന് ഇത്തിരിക്കുഞ്ഞൻ പല്ലി ഒന്നുചിലച്ചു. കാലാകാലങ്ങളായി അവനെ തപ്പിനടന്ന വിവേക് ഫിലിപ് സിറിയക്കും ഉമേഷ് പാവുകണ്ടിയും അതുകേട്ടു. അപൂർവമായ, അന്ന് ലോകത്ത് കൊട്ടിയൂരിൽ മാത്രം കണ്ടെത്തിയ അവന് അവർ പേരിട്ടു, കൊട്ടിയൂർ ഡെ ഗെക്കോ. കിട്ടിയ നാടിന്റെ പേരുകൂടെക്കൂട്ടി കൊട്ടിയൂർ മരപ്പല്ലിയെന്ന വിളിപ്പേരും വീണു.
2013 മെയ് 13നാണ് 42 മില്ലി മീറ്റർ മാത്രം വലുപ്പമുള്ള പല്ലിയെ ഗവേഷകർ കണ്ടെത്തുന്നത്. നെമാസ്പിസ് കൊട്ടിയൂരെൻസിസ് എന്നാണ് ശാസ്ത്രീയനാമം. കർഷകർ വനംവകുപ്പുമായി ഇടഞ്ഞുനിന്നിരുന്ന സമയമായതിനാൽ പല്ലിയെ കണ്ടെത്തി ശാസ്ത്രീയ നാമം നൽകിയ വിവരം വനംവകുപ്പ് പുറത്തു പ്രചരിപ്പിച്ചതുമില്ല.
പെരുമാൾമുടിയിൽ നിന്നു പിന്നീട് പേര്യ വനഭാഗത്തെ ചന്ദനത്തോട് വനത്തിൽ നിന്നും മക്കിമലയിൽ നിന്നും ഈ പല്ലികളെ കണ്ടെത്തുകയുണ്ടായി.
നട്ടെല്ലിന് സമാനമായ വൃത്താകൃതിയിലുള്ള എല്ലുകൾ ശരീരമധ്യത്തിലില്ല എന്നതാണ് ഈ പല്ലികളെ മറ്റു ഇന്ത്യൻ പല്ലികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന സവിശേഷത. വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ അതീവഗുരുതര സാഹചര്യത്തിലാണ് ഈ പല്ലിയുള്ളതെന്ന് ചൂണ്ടിക്കാട്ടി 2019ൽ ഐയുസിഎൻ റെഡ് ഡേറ്റ ബുക്കിൽ പേരു ചേർത്തിരുന്നു.