ആസിഡ് ആക്രമണം: കമ്പല്ലൂർ സ്വദേശി പിടിയിൽ
Mail This Article
ചെറുപുഴ∙ വീട്ടിൽക്കയറി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി കമ്പല്ലൂർ സ്വദേശി റോബിൻ സണ്ണിയെ (41) ചെറുപുഴ പൊലീസ് ഇൻസ്പക്ടർ ടി.പി.ദിനേശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ഞായറാഴ്ച രാത്രി 10ന് താമസ സ്ഥലത്തുവച്ച് പെരുന്തടത്തെ തോപ്പിൽ രാജേഷിന്റെ (47) മുഖത്തു സുഹൃത്തായ റോബിൻ സണ്ണി ആസിഡ് ഒഴിച്ചെന്നാണു കേസ്. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ കടുമേനിയിലെ വീട്ടിൽ നിന്നാണു പൊലീസ് പിടികൂടിയത്.ആസിഡ് ആക്രമണത്തിൽ രാജേഷിന്റെ വലുത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ഇടത് കണ്ണിനു ഗുരുതമായി പരുക്കേൽക്കുകയും ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
രാജേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്തടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റിട്ടുമുണ്ട്.മരംവെട്ടു തൊഴിലാളികളായ രാജേഷും റോബിനും ഒന്നിച്ചു ജോലിയ്ക്ക് പോകാറുണ്ട്. ഇരുവരും തമ്മിലുണ്ടായ തർക്കമാണു ആക്രമം നടത്താൻ റോബിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു.
ആക്രമം നടന്ന ഞായറാഴ്ച രാവിലെ മുതൽ ഇയാൾ പ്രാപ്പൊയിൽ ടൗണിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി രാജേഷിന്റെ വീടിനു താഴെ ഭാഗത്തുള്ള വാഴത്തോട്ടത്തിൽ ആസിഡുമായി ഒളിച്ചിരുന്നാണു ഇയാൾ ആക്രമണം നടത്തിയത്. പിന്നീട് ഇയാൾ ഇരുചക്ര വാഹനത്തിൽ കടന്നുകളഞ്ഞു. റോബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.