കണ്ണൂർ വിമാനത്താവള സ്ഥലമെടുപ്പ്: വോട്ട് ചോദിച്ചു വരേണ്ടെന്ന് ഭൂവുടമകൾ; ബോർഡും സ്ഥാപിച്ചു
Mail This Article
മട്ടന്നൂർ ∙ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനു കണക്കാക്കിയ ഭൂമി ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീളുന്നതിനാൽ പ്രതിഷേധവുമായി ഭൂവുടമകൾ. കാനാട്, കോളിപ്പാലം, നല്ലാണി മേഖലയിലുള്ളവരാണു പ്രതിഷേധിക്കുന്നത്. വോട്ട് ചോദിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കാരും ഇങ്ങോട്ടു വരേണ്ടെന്ന് ബോർഡ് സ്ഥാപിച്ചാണു പ്രതിഷേധം. സ്ഥലമെടുപ്പ് പ്രശ്നങ്ങൾ പരിഹരിക്കാതെ രാഷ്ട്രീയ പാർട്ടിക്കാർ വോട്ടിനോ പണപ്പിരിവിനോ ഞങ്ങളുടെ വീട്ടിൽ വരേണ്ടെന്നാണ് ബോർഡിലുള്ളത്.
റൺവേ 4000 മീറ്ററായി വികസിപ്പിക്കുന്നതിന് ഈ പ്രദേശത്തെ 245 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. 9 വർഷമായിട്ടും നടപടി നീങ്ങിയില്ല. ഭൂമി വിൽക്കാനോ ബാങ്ക് വായ്പ എടുക്കാനോ കഴിയുന്നില്ലെന്നു ഭൂവുടമകൾ പറയുന്നു. 170 കുടുംബങ്ങൾ പ്രയാസം അനുഭവിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ അവഗണനയാണു കാട്ടുന്നതെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ പ്രതിഷേധമെന്നും അവർ വ്യക്തമാക്കി.