ADVERTISEMENT

കൂത്തുപറമ്പ്∙ പൊതുജനാരോഗ്യ രംഗത്തു മികവാർന്ന നേട്ടങ്ങളുമായി തലയെടുപ്പോടെ കൂത്തുപറമ്പ് നഗരസഭ. ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കുന്ന നഗരസഭയിൽ സമീപപ്രദേശങ്ങളിലെ ജനങ്ങൾക്കു കൂടി സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് 12 നിലകളിലായാണ് ഗവ.താലൂക്ക് ആശുപത്രിയിൽ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിക്കായുള്ള പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്. മേയ് മാസത്തോടുകൂടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയം പ്രവർത്തനം ആരംഭിക്കുന്നതോടെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയുടെ സേവനം ജനങ്ങൾക്കു ലഭ്യമാകും.

നിർമലഗിരിയിൽ പ്രവർത്തനം തുടങ്ങിയ കൂത്തുപറമ്പ് നഗരസഭ അർബൻ വെൽനസ് സെന്റർ.
നിർമലഗിരിയിൽ പ്രവർത്തനം തുടങ്ങിയ കൂത്തുപറമ്പ് നഗരസഭ അർബൻ വെൽനസ് സെന്റർ.

ഇതിനു പുറമേയാണ്, മൂര്യാടുള്ള അർബൻ മെഡിക്കൽ സെന്ററും നിർമലഗിരി സൂര്യൻ കുന്നിൽ കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയ അർബൻ വെൽനെസ് സെന്ററും. മൂര്യാട് അർബൻ മെഡിക്കൽ സെന്ററിനായി വലിയ വെളിച്ചത്ത് നഗരസഭയുടെ സ്വന്തം സ്ഥലത്ത് കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. കെ.പി.മോഹനൻ എംഎൽഎ ആസ്തി വികസന ഫണ്ടിൽ അനുവദിച്ച 1.80 കോടി രൂപയ്ക്കാണ്  കെട്ടിടത്തിന്റെ നിർമാണം നടക്കുന്നത്. 

രണ്ടു മാസത്തിനകം നഗരസഭയിൽ പൂക്കോട് ലക്ഷംവീട് കോളനിയോടു ചേർന്നുള്ള സാംസ്കാരിക നിലയത്തിൽ മറ്റൊരു അർബൻ വെൽനെസ് സെന്റർ കൂടി ഉദ്ഘാടനം ചെയ്യും. ഈ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതോടൊപ്പം തൃക്കണ്ണാപുരം, മൂര്യാട്, ആമ്പിലാട് എന്നിവിടങ്ങളിൽ മിഡ് വൈഫ് സബ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.

നിർമലഗിരിയിൽ പ്രവർത്തനമാരംഭിച്ച അർബൻ വെൽനെസ് സെന്റർ കൂത്തുപറമ്പ് നഗരസഭയിലെയും മാങ്ങാട്ടിടം ഉൾപ്പെടെ സമീപപ്രദേശത്തെയും ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാകും. പൂക്കോട് ലക്ഷംവീട് കോളനി പരിസരത്ത് രണ്ടു മാസത്തിനകം തൃക്കണ്ണാപുരം അർബൻ വെൽനെസ് സെന്റർ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ആരോഗ്യരംഗത്തെ സേവനങ്ങൾ നഗരസഭയിലെ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാവും. താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമിക്കുന്നതിനു സ്ഥലമെടുപ്പിനും കെട്ടിട നിർമാണത്തിനുമായി കെ.പി.മോഹനൻ എംഎൽഎയുടെ ഇടപെടലിൽ ബജറ്റിൽ 50 കോടി രൂപ മാറ്റിവച്ചതും കൂത്തുപറമ്പ് ആയുർവേദ ഡിസ്പെൻസറിയോടു ചേർന്നു കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കാൻ 15 കോടി രൂപ അനുവദിച്ചതും ആരോഗ്യമേഖലയ്ക്ക് ഏറ്റവും ആഹ്ലാദം പകരുന്ന കാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com