ADVERTISEMENT

കണ്ണൂർ∙  ജില്ലാ ആസ്ഥാനത്തു പാർട്ടിക്കു ‘വീടൊരുക്കിയ’ ആ കരുതൽ സതീശൻ പാച്ചേനിയുടെ കുടുംബത്തിനു തിരിച്ചു നൽകുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഡിസിസി മുൻ പ്രസിഡന്റ് സതീശൻ പാച്ചേനിക്കു തളിപ്പറമ്പ് അമ്മാനപ്പാറയിൽ 14.5 സെന്റിൽ രണ്ടു നിലകളിലായി 2900 ചതുരശ്ര അടിയിൽ 85 ലക്ഷം ചെലവിട്ടു കോൺഗ്രസ് ഒരുക്കിയ സ്നേഹവീടിന്റെ താക്കോൽ നാളെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൈമാറും. 

ഡിസിസിയുടെ പുതിയ ഓഫിസ് നിർമാണം സാമ്പത്തിക ഞെരുക്കം കാരണം മന്ദഗതിയിലായപ്പോൾ, വീടുവിറ്റ് കിട്ടിയ തുകയിൽ ഒരു ഭാഗം അതിലേക്കായി സതീശൻ ചെലവാക്കി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസിസി ഓഫിസുകളിലൊന്നായ ‘കോൺഗ്രസ് ഭവൻ ’ പൂർത്തിയാക്കാൻ പാച്ചേനി നടത്തിയ ആത്മാർഥ ശ്രമം അന്ന് ഏറെ ചർച്ചയായി. ഓഫിസ് നിർമാണം പൂർത്തിയാക്കി, ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വം ഈ തുക സതീശന് തിരികെ നൽകി. ഈ പണമാണ് അമ്മാനപ്പാറയിൽ ഭൂമി വാങ്ങാൻ അദ്ദേഹം വിനിയോഗിച്ചത്.

സതീശൻ പാച്ചേനി 2022 ഒക്ടോബർ 27ന് ആണ് അന്തരിച്ചത്. വാടകവീട്ടിലാണ് സതീശൻ പാച്ചേനിയും കുടുംബവും താമസിച്ചിരുന്നത്. പാച്ചേനിയുടെ കുടുംബത്തിനു വീടുവച്ചു നൽകുമെന്നു പയ്യാമ്പലത്തു ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണു പ്രഖ്യാപിച്ചത്.  

സതീശന്റെ അടുത്ത സുഹൃത്തും ഡിസിസി പ്രസിഡന്റുമായ മാർട്ടിൻ ജോർജ് ആണ് ഫണ്ട് സമാഹരണവും നിർമാണ പ്രവർത്തനവുമെല്ലാം ഏകോപിപ്പിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്തിനായിരുന്നു നിർമാണച്ചുമതല. 

കഴിഞ്ഞ വർഷം മാർച്ച് 23ന് തുടങ്ങിയ വീടുപണി 10 മാസംകൊണ്ട് പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണു മാർട്ടിൻ ജോർജ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com