ADVERTISEMENT

തലശ്ശേരി∙ വീടില്ലാത്ത എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി 2024–25 വർഷത്തെ നഗരസഭ ബജറ്റ് വൈസ് ചെയർമാൻ വാഴയിൽ ശശി അവതരിപ്പിച്ചു. ലൈഫ് പദ്ധതിക്ക് 1.40 കോടി രൂപയും പുന്നോലിൽ എസ്‍സി ഫ്ലാറ്റ് നിർമാണത്തിന് 80 ലക്ഷം രൂപയും നീക്കിവച്ചു. വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കാൻ 52 ലക്ഷം രുപയും ഭവനരഹിതർക്ക് ഭൂമി വാങ്ങുന്നതിന് 27 ലക്ഷം രൂപയും വകയിരുത്തി. ബജറ്റ് ചർച്ച ചെയ്തു പാസാക്കാൻ ഇന്ന് രാവിലെ 10.30ന് യോഗം ചേരും. 110.91 കോടി രൂപ വരവും 107.20 കോടി രൂപ ചെലവും 3.71 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. നഗരസഭാധ്യക്ഷ കെ.എം. ജമുനറാണി അധ്യക്ഷത വഹിച്ചു.

∙നഗരസഭ മാലിന്യം തള്ളിയിരുന്ന പുന്നോൽ പെട്ടിപ്പാലത്ത് കൺവൻഷൻ സെന്ററോടു കൂടി ഹാപ്പിനസ് പാർക്ക് നിർമിക്കും.
∙തലശ്ശേരിയെ കലാകാരന്മാരും ചിത്രകാരന്മാരും ചേർന്ന് ചിത്രനഗരമാക്കുമെന്നും വൈസ് ചെയർമാൻ പ്രഖ്യാപിച്ചു. ധർമടത്ത് നിന്ന് തലശ്ശേരിയിലേക്ക് പ്രവേശിക്കുന്നിടത്ത് പ്രവേശന കവാടം നിർമ്മിച്ച് ആകർഷകമാക്കുന്നതിന് ഒരു ലക്ഷം രൂപ വകയിരുത്തി.
∙നഗരസഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാവുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം പ്രവൃത്തി ആരംഭിച്ചു. 5300 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
∙മഞ്ഞോടിയിൽ 4.50 കോടി ചെലവിൽ ആധുനിക രീതിയിലുള്ള ഷോപ്പിങ് കോംപ്ലക്സിന് അടുത്ത മാസം തറക്കല്ലിടും.
∙കണ്ണിച്ചിറയിൽ നിന്ന് കണ്ടിക്കലിലേക്ക് ഗതാഗത കുരുക്കില്ലാതെ പുതിയ റോഡ് നിർമ്മിക്കും.
∙കോണോർവയലിൽ സ്വിമ്മിങ് പൂളും ഹാപ്പിനസ് പാർക്കും ഓപ്പൺ ജിംനേഷ്യവും നിർമിക്കും. ടെലി ആശുപത്രിക്ക് സമീപം കൊട്ടാരം വളപ്പിലും നീന്തൽക്കുളം.
∙ജവാഹർഘട്ടിൽ ഫ്രീഡം സ്ക്വയർ നിർമിക്കും. ജവാഹർഘട്ട് നവീകരണത്തിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
∙ കടൽപാലത്തിന് സമീപം ഫുഡ് സ്ട്രീറ്റ്.
∙ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്തു നവീകരിക്കാൻ സർക്കാർ ആറര കോടതി അനുവദിച്ചിട്ടുണ്ട്. ഉടൻ പ്രവൃത്തി ആരംഭിക്കും.
∙കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺഹാൾ സർക്കാരിന്റെ സഹായത്തോടെ പുതുക്കി പണിയും. ആധുനിക സൗകര്യങ്ങളോടെയുള്ള കൺവൻഷൻ സെന്ററായി ഇതിനെ മാറ്റും.
∙നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ എംഎസിഎഫ് സ്ഥാപിക്കാൻ 30 ലക്ഷം രൂപയും വീടുകളിൽ റിങ് കംപോസ്റ്റ് സ്ഥാപിക്കാൻ 30 ലക്ഷം രൂപയും നീക്കിവച്ചു.
∙ചാലിൽ ഗോപാലപേട്ടയിൽ ആധുനിക സംയോജിത ഫിഷ് ലാൻഡിങ് സെന്ററിന് 12 കോടി രൂപ വകയിരുത്തി.


ജനറലാശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്ന് വാങ്ങാൻ 60 ലക്ഷം രൂപയും ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നിന് 10 ലക്ഷം രൂപയും നീക്കിവച്ചു. ഗവ. ആയുർവേദ ആശുപത്രിക്ക് മരുന്നിന് 25 ലക്ഷം, ഹോമിയോ ഡ‍ിസ്പെൻസറിക്ക് 10 ലക്ഷം, കോടിയേരി പിഎച്ച്സിക്ക് 15 ലക്ഷം, ചാലിൽ പിഎച്ച്സിക്ക് 10 ലക്ഷം രൂപയും നീക്കിവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com