ADVERTISEMENT

ശ്രീകണ്ഠപുരം  ∙ കർണാടക വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ പ്രവർത്തകനെ അഞ്ചംഗ മാവോയിസ്റ്റ് സംഘം ചിറ്റാരിക്കോളനിയിലെത്തിച്ച് കടന്നു. പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗം ചിക്കമഗളൂരു അങ്ങാടി സ്വദേശി സുരേഷിന് (പ്രദീപ് – 49) ആണു പരുക്കേറ്റത്. 3 ദിവസം മുൻപു പരുക്കേറ്റ സുരേഷിനെ, ചികിത്സ ആവശ്യമായി വന്നപ്പോഴാണ് ജനവാസ മേഖലയിലാക്കി മാവോയിസ്റ്റുകൾ കടന്നത്. സുരേഷ്  2002 മുതൽ മാവോയിസ്റ്റ് പ്രവർത്തകനാണെന്നു പൊലീസ് കരുതുന്നു. 

ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവം. ചിറ്റാരിക്കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലാണ് സുരേഷിനെ എത്തിച്ചത്. ആദ്യം മാവോയിസ്റ്റ് സംഘം ഭക്ഷണം ആവശ്യപ്പെട്ടു. വീട്ടുകാർ നൽകാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി അടുത്ത കടയിൽനിന്നു സാധനങ്ങൾ വാങ്ങിപ്പിച്ചു. തുടർന്നാണ് വലതുകാൽമുട്ടിൽ തുണികൊണ്ടുള്ള കെട്ടുമായി സുരേഷിനെ കൊണ്ടുവന്നു കിടത്തി സ്ഥലംവിട്ടത്. ആന ആക്രമിച്ചതാണെന്നും ചികിത്സ നൽകണമെന്നും പറഞ്ഞു. വിവരമറിഞ്ഞ് ഏഴരയോടെ എത്തിയ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, പഞ്ചായത്തംഗം ജിൽസൻ കണികത്തോട്ടം, പാലുമ്മൽ ‍വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളിൽനിന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 

പയ്യാവൂർ പൊലീസ് ഏർപ്പാടാക്കിയ ആംബുലൻസിൽ രാത്രി 8.30ന് ഇയാളെ പാടാംകവലയിൽ എത്തിച്ചു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. മുൻപുതന്നെ മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലമാണിത്. രാത്രിയായതിനാലും കർണാടക അതിർത്തിയോടു ചേർന്ന വനമേഖലയായതിനാലും പൊലീസിനു സ്ഥലത്തെത്താൻ കഴിഞ്ഞിരുന്നില്ല. വിവരമറിഞ്ഞെങ്കിലും മാവോയിസ്റ്റുകൾ ഒരുക്കിയ കെണിയാണോ എന്ന സംശയവുമുണ്ടായിരുന്നു.

പേടിക്കാതെ, പ്രസിഡന്റിന്റെ ഇടപെടൽ 
ശ്രീകണ്ഠപുരം ∙ മാവോയിസ്റ്റുകളിൽ ഒരാളെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ നിലയിൽ ചിറ്റാരിക്കോളനിയിൽ കിടത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ ഭയപ്പാടിലായിരുന്നു, കർണാടക അതിർത്തിയോടു ചേർന്ന കാഞ്ഞിരക്കൊല്ലി പ്രദേശം. മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ ഇവിടെ എത്തിപ്പെടാൻ പയ്യാവൂർ പൊലീസ് പോലും ഭയപ്പെട്ടു. പുറത്തു മാവോയിസ്റ്റുകൾ കാവൽ നിൽക്കുന്നുണ്ടോയെന്ന ആശങ്കയായിരുന്നു പൊലീസിന്. അവർ ഒരുക്കിയ കെണിയാണോയെന്നും സംശയിച്ചു. ഈസമയം, കാഞ്ഞിരക്കൊല്ലി ഖാദർ ഹാജി സ്മാരക സ്കൂൾ വാർഷികത്തിൽ പങ്കെടുക്കുകയായിരുന്ന പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മറ്റു പൊതുപ്രവർത്തകരെ വിളിച്ചുകൂട്ടി ചിറ്റാരിയിലേക്കു പോകുകയായിരുന്നു. കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലെത്തിയ പ്രസിഡന്റും സംഘവുമാണു പരുക്കേറ്റയാളിൽനിന്നു വിവരങ്ങൾ ശേഖരിച്ചത്. 

കാട്ടാനയാക്രമണം മുൻപും 
കണ്ണൂർ ∙ മാവോയിസ്റ്റുകൾക്കു നേരെ കാട്ടാനയുടെ ആക്രമണം മുൻപും. മാവോയിസ്റ്റ് കബനീദളം കമാൻഡർ സി.പി.മൊയ്തീന്റെ ഭാര്യ ലത (മീര) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 2017ൽ നിലമ്പൂർ കാട്ടിലായിരുന്നു അത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com