ചൂരപ്പടവ് കരിങ്കൽ ക്വാറിയിൽനിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി
Mail This Article
ചെറുപുഴ∙ ചൂരപ്പടവ് കരിങ്കൽ ക്വാറിയിൽ നിന്നു വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. ഞായറാഴ്ച രാത്രി ക്വാറിയിൽ സംശയാസ്പദമായ നിലയിൽ നാട്ടുകാരാണു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. തുടർന്നു വിവരം ചെറുപുഴ പൊലീസിൽ അറിയിച്ചു.
ക്വാറിയിൽ എത്തിയ പൊലീസ് സംഘത്തിനു രാത്രിയായതിനാൽ കൂടുതൽ തിരച്ചിൽ നടത്താനായില്ല. തുടർന്നു നാട്ടുകാർ കണ്ടെത്തിയ സ്ഫോടകവസ്തു ശേഖരത്തിനു പൊലീസ് കാവൽ ഏർപ്പെടുത്തി. തുടർന്നു ഇന്നലെ രാവിലെ ബോംബ് സ്ക്വാഡും ചെറുപുഴ പൊലീസും ചേർന്നു നടത്തിയ തിരച്ചലിലാണു 2 ബാരലിൽ സൂക്ഷിച്ച ഉഗ്രസ്ഫോടനശേഷിയുള്ള 2850 ഡിറ്റനേറ്റർ ശേഖരവും 700 ജലാസ്റ്റിൻ സ്റ്റിക്കും കണ്ടെത്തിയത്.
പയ്യന്നൂർ ഡിവൈഎസ്പി പി.ഉമേഷ്, ചെറുപുഴ പൊലീസ് ഇൻസ്പെക്ടർ ടി.പി.ദിനേശ്, എസ്ഐമാരായ എം.സതീശൻ, മനോജ് കാനായി, സ്പെഷൽ ബ്രാഞ്ച് എസ്ഐമാരായ കെ.രമേശൻ, സി.വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് അംഗങ്ങളായ കെ.പി.സുനിത, കെ.എം.ഷാജി എന്നിവർക്കു പുറമേ ഒട്ടേറെ നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിന് പൊലീസ് കേസെടുത്തു. സംഭവത്തെ കുറിച്ചു അന്വേഷണം ശക്തമാക്കുമെന്നു പൊലീസ് അറിയിച്ചു.