വടിവൊത്ത ഇഷ്ടം; പുസ്തകം പകർത്തിയെഴുതി ശ്രദ്ധേയനായി പാനൂർ സബ് ട്രഷറി സീനിയർ അക്കൗണ്ടന്റ് ശിവജി
Mail This Article
പാനൂർ ∙ കയ്യെഴുത്ത് കൈവിട്ടു പോയ ഡിജിറ്റൽ കാലത്ത് എഴുതി, എഴുതി, എഴുതി സംതൃപ്തി കണ്ടെത്തുകയാണ് പാനൂർ സബ് ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റായ കൊല്ലം കൊട്ടാരക്കര കിഴക്കേ കല്ലടയിൽ ശിവജി. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കിട്ടിയാൽ പകർത്തിയെഴുതും. റോസി തമ്പി വിവർത്തനം ചെയ്ത, രവീന്ദ്രനാഥ ടഗോറിന്റെ ഗീതാഞ്ജലിയാണ് ആദ്യം പകർത്തിയെഴുതിയ പുസ്തകം.
ഗീതാഞ്ജലിയുടെ ഇംഗ്ലിഷ് പതിപ്പും പകർത്തി എഴുതി. പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ, ബെന്യാമിന്റെ ആടു ജീവിതം, കെ.ആർ.മീരയുടെ പെൺ പഞ്ചതന്ത്രം, എം.മുകുന്ദന്റെ ഒരു ദലിത് സ്ത്രീയുടെ കഥനകഥ, എം.ടി.വാസുദേവൻ നായരുടെ തിരഞ്ഞെടുക്കപ്പെട്ട കഥാസമാഹാരമായ നിന്റെ ഓർമയ്ക്ക്, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്നിവയാണ് പകർത്തിയെഴുതിയ പുസ്തകങ്ങൾ.
പകർത്തി എഴുത്ത് പൂർത്തിയായാൽ സാഹിത്യ ലോകത്തെ പ്രഗത്ഭരെ കൊണ്ട് അവതാരിക എഴുതി പുറംചട്ടയൊരുക്കി പുസ്തകമായി പുറത്തിറക്കും. ഗീതാഞ്ജലി കയ്യെഴുത്ത് പ്രതിയിൽ എഴുത്തുകാരൻ ബെന്യാമിൻ, മന്ത്രി കെ.എൻ.ബാലഗോപാൽ തുടങ്ങിയവർ ആശംസ കുറിച്ചിട്ടുണ്ട്.മഹാഭാരതം പകർത്തിയെഴുത്താനുള്ള ശ്രമത്തിലാണിപ്പോൾ.
പകർത്തി എഴുത്തിന്റെ തുടക്കം
സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴെ കയ്യെഴുത്തിലും വായനയിലും തൽപരനായിരുന്നു. എന്നാൽ പകർത്തിയെഴുത്തിന് പ്രേരണയായത് ചടയമംഗലം സബ് ട്രഷറിയിൽ ജോലി ചെയ്യുമ്പോഴാണെന്ന് ശിവജി ഓർക്കുന്നു. അവധിക്കുള്ള അപേക്ഷ സ്വന്തം കൈപ്പടയിൽ സമർപ്പിച്ചപ്പോൾ ട്രഷറി ഓഫിസർ ജയൻ, എഴുത്തിന്റെ മനോഹാരിത ശിവജിയോടു സൂചിപ്പിച്ചു. വടിവൊത്ത എഴുത്ത് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു.
ഗീതാഞ്ജലി പകർത്തിയെഴുതാൻ പ്രേരിപ്പിച്ചു. തുടക്കം 2019ലാണ്. കോവിഡ് കാലത്ത് എഴുത്തിൽ കൂടുതൽ സമയം കണ്ടെത്തി. പകർത്തിയെഴുത്ത് ഒഴിവുസമയ വിനോദമാക്കി. എ4 വലുപ്പമുള്ള പേപ്പറിൽ മഷി പടരാത്ത പേന കൊണ്ടാണ് എഴുതുന്നത്.
സകലകലാവല്ലഭൻ
ട്രഷറിയിലെത്തുന്ന വയോധികരായ ഇടപാടുകാർ ഉൾപ്പെടെ എല്ലാവർക്കും പ്രിയപ്പെട്ടവനാണ് ശിവജി. സേവന തൽപരൻ. വാടക കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രഷറിയുടെ വരാന്ത ജീവനക്കാരുടെ കൂട്ടായ്മയിൽ പൂന്തോട്ടമായി മാറിക്കഴിഞ്ഞു. 42 ഇനം ചെടികളാണ് ഇവിടെയുള്ളത്. ശിവജി താൽപര്യം കാണിച്ചപ്പോൾ ഓഫിസർ ഉൾപ്പെടെയുള്ള ജീവനക്കാർ പിന്തുണ നൽകുകയായിരുന്നു. യോഗയിൽ ബിരുദധാരിയാണ് (ശിവാനന്ദ യോഗ).
വിദേശികൾക്കും സ്കൂളുകളിലും ക്ലാസ് എടുക്കുന്നു. കവിത, നാടൻ പാട്ട്, സെമി ക്ലാസിക്കൽ പാട്ട് എന്നിവ പാടും. ചിത്രരചനയിലും തൽപരൻ. ശിവജിയുടെ കരവിരുതിൽ കമനീയ രൂപങ്ങളുമുണ്ട്. കഥകളി, ആന തുടങ്ങി നിരവധി രൂപങ്ങൾ ശേഖരത്തിലുണ്ട്. പുഷ്പാലങ്കാരത്തിലും ലാൻഡ്സ്കേപ് ടെറേറിയം രംഗത്തും ശ്രദ്ധേയൻ. ദുബായിൽ 7 വർഷം ഫ്ലവർ– ടെറേറിയം മേഖലയിൽ ജോലി ചെയ്ത പരിചയമുണ്ട്. ദുബായ് ഗാർഡൻ സെന്ററിൽ പ്രധാന ഡിസൈനർമാരിൽ ഒരാളായിരുന്നു ശിവജി. ഫ്ലവർ ഷോയിൽ ദുബായ് മാധ്യമങ്ങളിൽ ശ്രദ്ധനേടാൻ കഴിഞ്ഞു.