വളപട്ടണത്ത് വരുന്നത് വമ്പൻ പാലം: കണ്ണൂർ ബൈപാസിന്റെ പ്രധാന ആകർഷണം
Mail This Article
പാപ്പിനിശ്ശേരി ∙ 13.84 കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്ന കണ്ണൂർ ബൈപാസിലെ ഏറ്റവും വലിയ ആകർഷണം വളപട്ടണം പാലവും കാട്ടാമ്പള്ളിയിലൂടെ തൂണുകൾ ഉയർത്തി വയഡക്ട് മാതൃകയിൽ കടന്നുപോകുന്ന പാതയുമാണ്. കിലോമീറ്ററുകളോളം ദൂരം തറനിരപ്പിൽ നിന്ന് ഉയർന്നു പോകുന്ന പാലം പാപ്പിനിശ്ശേരി, വളപട്ടണം, കാട്ടാമ്പള്ളി, പുഴാതി വയൽ തുടങ്ങിയ ഇടങ്ങളിലെ കായൽ കാഴ്ചയും കണ്ടലും ആകർഷകമാക്കും.
പാപ്പിനിശ്ശേരി തുരുത്തിയിൽ നിന്നും ചിറക്കൽ കോട്ടക്കുന്ന് എത്തുന്ന നിലയിലാണ് പുതിയ വളപട്ടണം പാലത്തിന്റെ നിർമാണം. 727 മീറ്റർ നീളത്തിലാണു പാലം നിർമിക്കുന്നത്. പുഴയ്ക്ക് കുറുകെ 19 സ്പാനുകളുണ്ടാകും. ഭാവിയിലെ ജലപാത കൂടി കണക്കിലെടുത്തു പുഴയ്ക്ക് നടുക്കുള്ള ഒരു സ്പാനിന്റെ നീളം 55 മീറ്ററായി വർധിപ്പിച്ചു. പാലം നിർമാണത്തിനുള്ള പൈലിങ് പ്രവൃത്തി പൂർത്തിയായി തൂണുകൾ ഉയർന്നു തുടങ്ങി. ഏതാനും മറൈൻ പൈലുകൾ മാത്രമാണ് ഇനി നിർമിക്കാനുള്ളത്. പാലത്തിന് ആവശ്യമായ കൂറ്റൻ പ്രീകാസ്റ്റ് ഗർഡറുകൾ ഇരുഭാഗത്തുമായി നിർമാണം പൂർത്തിയാക്കി.
ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലം കൂടിയാണിത്. പാപ്പിനിശ്ശേരി, കോട്ടക്കുന്ന് ഭാഗത്തെ നാട്ടുകാർക്ക് ഇരുകരകളിലേക്കും പോകാനും ഗതാഗത സൗകര്യത്തിനുമാണ് കരയിൽ ഏതാനും തൂണുകളിലായി പാലത്തിന്റെ നീളം വർധിപ്പിച്ചത്. വളപട്ടണം പുഴയിൽ പുതിയ പാലത്തിന്റെ നിർമാണം രാവും പകലും മുടക്കമില്ലാതെ തുടരുകയാണ്. തളിപ്പറമ്പ് മുഴപ്പിലങ്ങാട് റീച്ചിൽ പാപ്പിനിശ്ശേരി വേളാപുരത്ത് നിന്നും തുടങ്ങി ചാല വരെ എത്തുന്ന നിലയിലാണ് കണ്ണൂർ ബൈപാസ്. കണ്ണൂർ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാകുമെന്ന നിലയിലാണ് ബൈപാസ് കടന്നുപോകുന്നത്. പാപ്പിനിശ്ശേരി തുരുത്തി, കോട്ടക്കുന്ന്, പുഴാതി വയൽ, മുണ്ടയാട്, വഴി ചാലയിൽ എത്തും.