മുത്തപ്പൻ പറഞ്ഞു; പറശ്ശിനിക്കടവിൽ ഗണപതി കീർത്തനം ആലപിച്ച് കെ.എസ്.ചിത്ര
Mail This Article
തളിപ്പറമ്പ് ∙ സ്വരങ്ങൾ കൊണ്ട് ആറാടുന്നയാളല്ലേ ഒരു കീർത്തനം മുത്തപ്പനെ കേൾപ്പിക്കൂ എന്ന് മുത്തപ്പൻ തന്നെ ആവശ്യപ്പെട്ടപ്പോൾ മലയാളത്തിന്റെ വാനമ്പാടി മടിച്ച് നിന്നില്ല. പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിൽ കെ.എസ്.ചിത്രയുടെ കീർത്തനാലാപനം ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്കും ഹൃദ്യാനുഭവമായി. കഴിഞ്ഞ ദിവസം രാവിലെയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പന്റെ തിരുവപ്പന വെള്ളാട്ടത്തിന് മുൻപിൽ ചിത്ര കീർത്തനം ആലപിച്ചത്. കണ്ണൂരിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയ ചിത്ര പുലർച്ചെ പറശ്ശിനിക്കടവിൽ തിരുവപ്പന മുത്തപ്പൻ നടക്കുന്ന സമയത്താണ് ദർശനത്തിന് എത്തിയത്.
മുത്തപ്പന്റെ മുന്നിൽ അനുഗ്രഹത്തിനായി എത്തിയപ്പോഴാണ് കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടത്. ഏത് കീർത്തനം വേണമെന്ന് ചിത്ര ഒരു നിമിഷം സംശയിച്ചപ്പോൾ ഗണപതിയുടെ കീർത്തനമായിക്കോട്ടെയെന്ന് മുത്തപ്പന്റെ കൂടെയുണ്ടായിരുന്നവർ പറഞ്ഞു.കൂപ്പു കൈകളുമായി ഗണപതി സ്തുതി കീർത്തനം ആലപിച്ച ചിത്ര മുത്തപ്പന്റെയും ക്ഷേത്രം മടയന്റെയും കൈകളിൽനിന്നു പ്രസാദവും സ്വീകരിച്ചാണ് മടങ്ങിയത്.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലും ചിത്ര ദർശനം നടത്തി.