ഹെന്റെ മകരച്ചൂടേ...; മലയോര മേഖലയിൽ ഇത്തവണ ജലദൗർലഭ്യം രൂക്ഷമായേക്കും
Mail This Article
ചെറുപുഴ∙ വേനൽ കനക്കുംമുൻപേ ജലസ്രോതസ്സുകൾ വറ്റി വരണ്ടുതുടങ്ങി. മലയോര മേഖലയിൽ ഇത്തവണ ജലദൗർലഭ്യം രൂക്ഷമായേക്കും. മലയോരത്തെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയും തിരുമേനിപുഴയും ദിവസം ചെല്ലുന്തോറും മെലിയുകയാണ്. പുഴയുടെ തടയണയില്ലാത്ത ഭാഗങ്ങളിൽ ഇപ്പോൾ നീരൊഴുക്ക് പേരിനു മാത്രമേയുള്ളൂ. പുഴകളിലെ നീരൊഴുക്ക് താഴ്ന്നു തുടങ്ങിയതോടെ കർഷകരും കടുത്ത ആശങ്കയിലാണ്. പുഴയോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളിൽ നേന്ത്രവാഴ, കമുക്, തെങ്ങ്, പച്ചക്കറി തുടങ്ങിയ കൃഷികൾ ചെയ്യുന്നവരാണു പലരും.
തുള്ളി കളയാതെ..
തേജസ്വിനിപ്പുഴയുടെ ചെറുപുഴ റഗുലേറ്റർ–കം–ബ്രിജിനു താഴെ ഭാഗത്തു ജലനിരപ്പു വൻതോതിൽ കുറഞ്ഞു. കൊല്ലാട പാലത്തിനു താഴെ പേരിനു മാത്രമേ വെള്ളമുള്ളൂ. ഇവിടെ പാറക്കൂട്ടങ്ങൾ കാണാനാകും. ചെറുപുഴ, പെരിങ്ങോം-വയക്കര ഈസ്റ്റ് എളേരി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന തേജസ്വിനിപ്പുഴയിലും സ്ഥിതി സമാനമാണ്. പുഴകളുടെ തീരങ്ങളിൽ ഒട്ടേറെ ശുദ്ധജല പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. പുഴകളിൽ നീരൊഴുക്കു കുറയുന്നതു ശുദ്ധജലപദ്ധതിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. പുഴകളിൽ ഒഴുക്ക് നിലച്ചതോടെ ഗ്രാമീണ മേഖലയിലെ തോട്, കിണർ, കുളം എന്നിവിടങ്ങളിലെ ജലനിരപ്പും കുറയാൻ തുടങ്ങിയിട്ടുണ്ട്.
ജലത്തിന്റെ വഴി മാത്രം ശരിയായില്ല !
മലയോര മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ 7 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച ചെറുപുഴ റഗുലേറ്റർ–കം–ബ്രിജ് ജനങ്ങൾക്കു വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കണ്ണൂർ -കാസർകോട് ജില്ലകളിലെ ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നു കരുതി നടപ്പാക്കിയ പദ്ധതികൊണ്ടു ഗതാഗത സൗകര്യം വർധിപ്പിക്കാനായെങ്കിലും ശുദ്ധജലപ്രശ്നം പരിഹരിക്കാനായില്ലെന്നാണു നാട്ടുകാരുടെ ആരോപണം.
തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു ചെക്ഡാം നിർമിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു. എന്നാൽ പുഴയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. ഇതോടെ വർഷം കഴിയുംതോറും ഡാമിലെ ജലസംഭരണശേഷി കുറയുകയാണ്. ചെക്ഡാമിന്റെ വശങ്ങളിൽ മണൽ അടിഞ്ഞുകൂടുകയും കാടുകളും വള്ളിപ്പടർപ്പുകളും വളർന്നുപന്തലിക്കുകയും ചെയ്തതോടെ സംഭരണിയിൽ വെള്ളത്തിന്റെ അളവിലും കുറവ് അനുഭവപ്പെടാൻ തുടങ്ങി. ചെക്ഡാമിൽ നിന്നു യഥാസമയം മണൽ നീക്കം ചെയ്യുകയും പുഴയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ചെക്ഡാമുകൾ നിർമിക്കുകയും ചെയ്താൽ മാത്രമേ മലയോര മേഖലയിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാനാകൂ.