തളിപ്പറമ്പ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലം; മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി

Mail This Article
തളിപ്പറമ്പ് ∙ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്കും സാമൂഹിക പരിവർത്തനത്തിനായും ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്റെ ഏതിടത്തെയും പുതിയ അറിവിനെ സ്വാംശീകരിക്കാനും ഉദ്പാദനോന്മുഖമായി പരിവർത്തിപ്പിക്കാനും കഴിയണം. വിജ്ഞാനത്തിന്റെ കൊടുക്കൽ വാങ്ങൽ പ്രക്രിയയ്ക്ക് കരുത്തുപകരുന്ന നേട്ടമാണ് ഡിജിറ്റൽ സാക്ഷരത വഴി തളിപ്പറമ്പ് മണ്ഡലം കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.തളിപ്പറമ്പ് ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമായി മുഖ്യമന്ത്രി ഓൺലൈനായി പ്രഖ്യാപിച്ചു. തളിപ്പറമ്പ് ഏഴാംമൈലിൽസനടന്ന ചടങ്ങിൽ എം.വി.ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഡിജിറ്റൽ സാക്ഷരതാ സർട്ടിഫിക്കറ്റ് മന്ത്രി കെ.രാധാകൃഷ്ണനിൽ നിന്ന് എംഎൽഎ ഏറ്റുവാങ്ങി. മന്ത്രി എം.ബി.രാജേഷ് ഓൺലൈനിൽ ആശംസ നേർന്നു. കൈറ്റ് സിഇഒ അൻവർ സാദത്ത് പദ്ധതി വിശദീകരിച്ചു. എം.ജി.രാജമാണിക്യം, എ.ജി.ഒലീന, ഡോ.എം.സുർജിത്ത്, തദ്ദേശസ്ഥാപന അധ്യക്ഷന്മാരായ പി.മുകുന്ദൻ, മുർഷിദ കൊങ്ങായി, സി.എം.കൃഷ്ണൻ, വി.എം.സീന, സുനിജ ബാലകൃഷ്ണൻ, രാഷ്ട്രീയ നേതാക്കളായ കെ.സന്തോഷ്, വേലിക്കാത്ത് രാഘവൻ, പി.കെ.സരസ്വതി, അനിൽപുതിയ വീട്ടിൽ, ടി.എസ്.ജെയിംസ്, കെ.സി.ഹരികൃഷ്ണൻ, പി.പി.ദിനേശൻ എന്നിവർ പങ്കെടുത്തു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥർക്കും കൈറ്റ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ എന്നിവയ്ക്കും ഉപഹാരങ്ങൾ നൽകി.