വന്യമൃഗപ്പേടിയിൽ പാലയാത്തുവയൽ സ്കൂൾ; വരുമോ ചുറ്റുമതിലിന്റെ സുരക്ഷയെങ്കിലും?
Mail This Article
ചിറ്റാരിപ്പറമ്പ്∙ കോളയാട് പെരുവ പാലയാത്തുവയൽ യുപി സ്കൂൾ മുറ്റത്ത് കാട്ടുപോത്തിൻ കൂട്ടം എത്തിയതോടെ പരിഭ്രാന്തരായി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും. കഴിഞ്ഞ ദിവസം രാവിലെ എട്ടേമുക്കാലോടെയാണ് പത്തോളം കാട്ടുപോത്തുകൾ എത്തിയത്. ഒൻപത് മണിയോടെ കുട്ടികൾ എത്തും മുൻപേ നാട്ടുകാർ കാട്ടുപോത്തിൻ കൂട്ടത്തെ ഓടിച്ചു വിട്ടതിനാൽ വലിയ അപകടം ഒഴിവായി.
സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഏത് നിമിഷം വേണമെങ്കിലും വന്യ മൃഗങ്ങൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാം എന്ന അവസ്ഥയാണ്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 140 ഓളം വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും കാട്ടുപോത്തുകളുടെ ശല്യം ആരംഭിക്കുന്നത്.
രാവിലെ ഒൻപത് മണി മുതൽ ആണ് വിദ്യാർഥികൾ സ്കൂളിൽ എത്തി തുടങ്ങുന്നത്. ഈ സമയങ്ങളിലും വൈകുന്നേരവും വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകും. ഇതിനാൽ തന്നെ സ്കൂളിലേക്ക് വിദ്യാർഥികൾ എത്തുന്നതും ഏറെ ഭയത്തോടെ ആണ്. പൂർണമായും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്കൂൾ ആയിട്ടും ഇത് വരെ സ്കൂളിന് സുരക്ഷിതത്വം ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കണ്ണവം വനത്തിന്റെ ഭാഗമായ പെരുവയിൽ ആന, കാട്ടുപോത്ത്, പന്നി, വിഷപ്പാമ്പ്, പുലി ഉൾപ്പെടെ ഉള്ള വന്യ മൃഗങ്ങൾ ഉണ്ട്. ഇവയിൽ പുലി ഒഴികെ ബാക്കി എല്ലാം ഇവിടെ നിരന്തരം എത്താറുണ്ട്. പെരുവ വാർഡിൽ എല്ലാ ഭാഗങ്ങളിലും കാട്ടുപോത്ത് ശല്യം രൂക്ഷമാണ്. കൂടാതെ മിക്ക പ്രദേശങ്ങളിലും കാട്ടാന ഇറങ്ങാറുണ്ട്.
ഇത്രയും രൂക്ഷമായ വന്യജീവി പ്രശ്നം സ്കൂളിന് ചുറ്റും ഉണ്ടായിട്ടും 1978ൽ ആരംഭിച്ച സ്കൂളിലെ വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് സ്കൂളിന് ചുറ്റും ചുറ്റുമതിൽ കെട്ടണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം.