ADVERTISEMENT

തലശ്ശേരി ∙ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയവരുടെ ജീപ്പിനുനേരെ നടുവനാട് കാളാന്തോട്ടിൽ ബോംബെറിഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ സിപിഎം പ്രവർത്തകനെ ജീവപര്യന്തം കഠിനതടവിനും 1.20 ലക്ഷം രൂപ പിഴ അടയ്ക്കാനും പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഉത്തരവിട്ടു.

തില്ലങ്കേരി കാർക്കോട് കരിയിൽവീട്ടിൽ അമ്മുവമ്മ (70), ജീപ്പ് ഡ്രൈവർ പടിക്കച്ചാലിൽ ശിഹാബ് എന്നിവരെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകൻ നടുവനാട് ഹസീന മൻസിലിൽ പുതിയപുരയിൽ മുരിക്കഞ്ചേരി അർഷാദി (42)നെയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തത്തിന് പുറമേ നാലു വർഷം വേറെയും കഠിന തടവ് വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. 

2002 മേയ് 23നാണ് സംഭവം. തലേദിവസം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകനും ബസ് ഡ്രൈവറുമായ ചാവശ്ശേരിയിലെ ഉത്തമന്റെ ശവ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ജീപ്പിന് മുൻപിൽ അർഷാദിന്റെ നേതൃത്വത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർ വാളുമായി ചാടി വീണതിനെത്തുടർന്ന് നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ റബർ മരത്തിലിടിച്ചു നിന്നു. ഇതിനിടയിൽ ജീപ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന അമ്മുവമ്മയ്ക്കു നേരെ എറിഞ്ഞ ബോംബ് ശരീരത്തിന്റെ പിൻഭാഗത്തേറ്റ് അവർ തൽക്ഷണം മരിച്ചു. ഇതു കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർ ശിഹാബിന് നേരെയും ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ്. 

ബിജെപി പ്രവർത്തകരായ പ്രകാശൻ, ഷിജു, അഭിലാഷ്, ഹരീഷ് എന്നിവർക്കും സംഭവത്തിൽ പരുക്കേറ്റിരുന്നു. കേസ് വിചാരണ പൂർത്തിയായതിന് ശേഷം മുങ്ങിയ ഒന്നാം പ്രതി അർഷാദിന്റെ കേസ് മാറ്റിവച്ചതിന് ശേഷം മറ്റു പ്രതികളായ 24 പേരെ 2011ൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിനും പിഴ അടയ്ക്കാനും ശിക്ഷിച്ചിരുന്നു. അപ്പീലിൽ സിപിഎം പ്രവർത്തകരായ മഹേന്ദ്രൻ, രാധാകൃഷ്ണൻ, ഗിരീഷ് എന്നിവരൊഴികെയുള്ള പ്രതികളെ കോടതി വിട്ടയച്ചിരുന്നു. അർഷാദ് ഈയിടെയാണ് കീഴടങ്ങിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com