മാക്കം കഥയുടെ ഈരടികൾ കേട്ട് ചാല കിഴക്കേക്കര
Mail This Article
ചാല ∙ മാക്കം ഭഗവതി തോറ്റം പാട്ടിന് ഇന്നലെ രാത്രി മുഴുവൻ ചാല കിഴക്കേക്കരയും പരിസരവും കാതോർത്തു. മാക്കത്തിനും മക്കൾക്കും ദാഹം തീർക്കാൻ ആവോളം നറുംപാൽ നൽകിയ അതേ തറവാട്ട് മുറ്റത്തിരുന്ന് മാക്കം കഥയുടെ ഈരടികൾ കേൾക്കാൻ സ്ത്രീകളടക്കം ആയിരക്കണക്കിന് ഭക്തജനങ്ങളെത്തി.
ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവത്തിന്റെ പ്രധാന അനുഷ്ഠാനമായ മാക്കത്തിന്റെയും മക്കളുടെയും കഥ പറയുന്ന തോറ്റം പാട്ട് ഇന്നലെ വൈകിട്ട് 7നാണ് തുടങ്ങിയത്. രാത്രി വൈകും വരെ നീണ്ട തോറ്റം പാട്ട് ശ്രവിച്ച് പുലർച്ചെ തിരുമുടിയണിഞ്ഞ മാക്കത്തിന്റെയും മക്കളുടെയും മാവിലോന്റെയും കോലസ്വരൂപങ്ങൾ തൊഴുതാണ് മടങ്ങിയത്.
മാക്കം ഭഗവതി, മക്കൾ, മാവിലോൻ കോലസ്വരൂപങ്ങൾ കിഴക്കേക്കരയിൽ എത്തുന്ന ഭക്തജനങ്ങളെ അനുഗ്രഹിക്കാൻ ഇന്ന് പകൽ മുഴുവൻ ക്ഷേത്രമുറ്റത്ത് നില കൊള്ളും. വൈകിട്ട് ആറാടിക്കലോടെ തിറയുത്സവത്തിന് സമാപനമാകും.