‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം: ആറളം ഫാമിലെ ആനതുരത്തലിന് വീണ്ടും താൽക്കാലിക പൂട്ട്
Mail This Article
ഇരിട്ടി∙ ആറളം ഫാം കൃഷിയിടത്തിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യത്തിനു വീണ്ടും പൂട്ട്. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ടി.തിലകൻ നൽകിയ പരാതി പരിഗണിച്ചു കലക്ടറാണ് ആന തുരത്തൽ വീണ്ടും നീട്ടി വയ്ക്കാൻ നിർദേശിച്ചു ആറളം ഫാം, വനം അധികൃതർക്കു കത്ത് നൽകിയിരിക്കുന്നത്. 10 ദിവസം മുൻപ് ചേർന്ന ജനപ്രതിനിധികളുടെയും ഫാം, വനം, ടിആർഡിഎം, പൊലീസ് അധികൃതരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിലെ തീരുമാനം അനുസരിച്ചു ആന തുരത്തലിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ച ഘട്ടത്തിൽ ഉണ്ടായ നിർദേശം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
നേരത്തേയുള്ള തീരുമാന പ്രകാരം ഇന്ന് 11 ന് ഫാം ഓഫിസിൽ സബ് കലക്ടർ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്യോഗസ്ഥ – ജനകീയ കമ്മിറ്റി യോഗം വിശദമായ ചർച്ചകൾ നടത്തി തീരുമാനവും സ്ഥിതിഗതികളും കലക്ടറെ ധരിപ്പിക്കും.ഫാമിൽ നിന്നു കാട്ടിലേക്കു ഓടിക്കുന്ന ആനകൾ തിരികെ പുനരധിവാസ മേഖലയിലേക്കു കടക്കാതിരിക്കാൻ ആറളം വന്യജീവി സങ്കേതം അതിരിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന താൽക്കാലിക വൈദ്യുതി വേലി നിർമാണം ഇന്ന് പൂർത്തിയാകും. മുൻ യോഗം ധാരണ പ്രകാരം 3 ന് ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം പുനരാരംഭിക്കേണ്ടതായിരുന്നു.
ആറളം ഫാം സ്കൂളിൽ എസ്എസ്എൽസി പരീക്ഷ നടക്കുന്ന സാഹചര്യം ഉൾപ്പെടെ പരിഗണിച്ചു ആന തുരത്തൽ നീട്ടിവയ്ക്കണമെന്നാണു പ്രധാനാധ്യാപകൻ നൽകിയ പരാതിയിൽ ഉള്ളത്. ഇക്കാര്യത്തിൽ ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണു ഫാം അധികൃതരുടെയും അന തുരത്തൽ നടത്തണമെന്ന നിലപാട് ശക്തമായി ഉന്നയിക്കുന്നവരുടെയും അഭിപ്രായം. 10 ദിവസം മുൻപ് നടന്ന യോഗത്തിൽ തന്നെ സ്കൂളിലെ എസ്എസ്എൽസി പരീക്ഷ ചർച്ച ആയതാണ്. ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന നിലയിൽ എസ്എസ്എൽസി പരീക്ഷയ്ക്കു മുൻപേ തന്നെ കുട്ടികളെ ക്യാംപസിനുള്ളിൽ പാർപ്പിക്കുകയാണ്.
തുരത്തൽ തുടങ്ങാൻ ലക്ഷ്യമിട്ടിട്ടുള്ള 3 ന് ഞായറും ആണ്. സ്കൂൾ ആവശ്യപ്പെട്ട 1 മാസം സമയം ആന തുരത്തൽ നീട്ടിവച്ചാൽ പിന്നെ ഫാമിൽ ഒന്നും ഉണ്ടാകില്ലെന്നും തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നുണ്ട്.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആറളം ഫാമിൽ ഏക പ്രതീക്ഷയായ കശുവണ്ടി വിളവെടുപ്പ് തന്നെ ഇല്ലാതാകും. കഴിഞ്ഞ 19 ന് തുടങ്ങി വച്ച ആനതുരത്തൽ പുനരധിവാസ മേഖലയിൽ നിന്നുള്ളവരുടെ എതിർപ്പിനെ തുടർന്നാണു നിർത്തി 20 ന് യോഗം ചേർന്നു ധാരണ ഉണ്ടാക്കിയത്.
7 കിലോമീറ്റർ താൽക്കാലികവൈദ്യുതവേലി
ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ ഇന്നു കൊണ്ടു പൂർത്തിയാകുന്നത് 7 കിലോമീറ്റർ ദൂരം താൽക്കാലിക വൈദ്യുതി വേലി. 3 നിര കമ്പിയിട്ടുള്ള താൽക്കാലിക വേലി 6 ലക്ഷം രൂപയോളം ചെലവിലാണ് വനം അധികൃതർ 10 ദിവസത്തിനകം പൂർത്തിയാക്കുന്നത്. ഇന്നലെ 3.5 കിലോമീറ്റർ ചാർജ് ചെയ്തു നോക്കിയതായും കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത് അറിയിച്ചു.
വന്യജീവി സങ്കേതം അതിർത്തിയിൽ 10.5 കിലോമീറ്റർ ദൂരത്തിൽ കാട്ടാനയെ പ്രതിരോധിക്കാൻ 37.9 കോടി രൂപ ചെലവിൽ ആന മതിൽ നിർമാണം നടക്കുന്നുണ്ട്. പ്രവൃത്തി തീരാൻ കാലതാമസം എടുക്കുന്ന സാഹചര്യത്തിലാണു ആനമതിൽ പണി അവശേഷിച്ച സ്ഥലവും നിലവിൽ സോളർ വൈദ്യുതി തൂക്കുവേലി ഇല്ലാത്തതുമായ 7 കിലോമീറ്റർ ദൂരം താൽക്കാലിക വേലി ഒരുക്കുന്നത്.