തലശ്ശേരി കാർണിവൽ ഇന്നുമുതൽ
Mail This Article
തലശ്ശേരി∙ ഏഴു ദിവസം നീളുന്ന തലശ്ശേരി കാർണിവൽ ഇന്ന് ആരംഭിക്കും. വൈകിട്ട് ആറിന് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്തെ വേദിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ കെ.എം. ജമുനറാണി അധ്യക്ഷത വഹിക്കും. സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എംപി എന്നിവർ മുഖ്യാതിഥിയായിരിക്കും. രാത്രി എട്ടിന് ഗായിക ആര്യ ദയാൽ നയിക്കുന്ന സ്റ്റേജ് ഷോ.
കാർണിവലിനോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ കേരള ഗ്രോ എക്സ്പോ ഇന്ന് തുടങ്ങും. സെന്റിനറി പാർക്കിൽ 10 മണിക്ക് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഏഴു വരെ രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് പ്രദർശനം. കേരള ഗ്രോ ബ്രാൻഡിൽ റജിസ്റ്റർ ചെയ്ത കർഷകരുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും. കടൽപാലം, സെന്റിനറി പാർക്ക്, സിറ്റി സെന്റർ, ശാരദാകൃഷ്ണയ്യർ ഓഡിറ്റോറിയം, എന്നിവിടങ്ങളിലാണ് കാർണിവൽ വേദികൾ.
വ്യാപാരോത്സവം ഇന്നുതുടങ്ങും
കാർണിവലിനോടനുബന്ധിച്ച് വ്യാപാരോത്സവം ഇന്നുമുതൽ ഓഗസ്റ്റ് 14 വരെ നടത്തും. നഗരത്തിലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് കൂപ്പൺ നറുക്കെടുത്ത് സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനം 20 പവൻ സ്വർണാഭരണമാണ്. രണ്ടാം സമ്മാനം 2 പവൻ വീതം അഞ്ചു പേർക്കും മൂന്നാം സമ്മാനം ഒരു പവൻ വീതം അഞ്ചു പേർക്കും നൽകും.
മറ്റു നിരവധി സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികളായ കാത്താണ്ടി റസാഖ്, എ.കെ. സക്കറിയ, കെ. അച്യുതൻ, കെ.കെ. മൻസൂർ, സി.പി.എം. നൗഫൽ, നാസർ മാടോൾ എന്നിവർ അറിയിച്ചു. ഓഗസ്റ്റ് 15നാണ് നറുക്കെടുപ്പ്.