ADVERTISEMENT

പയ്യന്നൂർ∙ മതസൗഹാർദത്തിന്റെ സന്ദേശമുയർത്തി മുസ്‌ലിം തറവാട്ടുകാർ പള്ളിയറയുടെ സോപാന പടിയിൽ പഞ്ചാരക്കലം അഥവാ പഞ്ചസാരക്കലം സമർപ്പിച്ചു. കേളോത്ത് മുസ്‌ലിം തറവാട്ടിൽ നിന്നാണ് കാരണവരും അനന്തരവന്മാരും ചേർന്ന് ഘോഷയാത്രയായി പഞ്ചസാരക്കലവുമായി കഴക മുറ്റത്തെത്തിയത്.   വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴകം ഭാരവാഹികളും പെരുങ്കളിയാട്ടം സംഘാടക സമിതി ഭാരവാഹികളും ചേർന്ന് ആഘോഷത്തോടെ സ്വീകരിച്ച് മതിൽക്കകത്തേക്ക് ആനയിച്ചു.

കാപ്പാട്ട് ഭഗവതിയുടെ പള്ളിയറയുടെ സോപാന പടിയിൽ ആചാര സ്ഥാനികർ വച്ച കൊടിയിലയിൽ മൺകലത്തിൽ നിറച്ച പഞ്ചസാരക്കലം കാരണവരുടെ നിർദേശമനുസരിച്ച് അനന്തരവന്മാർ സമർപ്പിച്ചു. 3 മൺകലത്തിൽ സമർപ്പിച്ച പഞ്ചസാരക്കലം കണ്ണോത്ത് കുഞ്ഞമ്പു അന്തിത്തിരിയനും മറ്റ് ആചാര സ്ഥാനികരും ചേർന്ന് മഞ്ഞൾക്കുറി പ്രസാദമിട്ട് സ്വീകരിച്ചു. തുടർന്ന് വാല്യക്കാർ പഞ്ചാരക്കലങ്ങൾ ഭണ്ഡാരപ്പുരയിലേക്ക് കൊണ്ടു പോയി. നാളെ കാപ്പാട്ട് ഭഗവതിയുടെ പന്തൽ മംഗലത്തിന് ഒരുക്കുന്ന വിഭവ സമൃദ്ധമായ സദ്യയിലെ അതിവിശിഷ്ടമായ കായക്കഞ്ഞിയിൽ ചേർക്കും.

പെരുങ്കളിയാട്ടത്തിന് അരങ്ങിലെത്തിയ പുതിയാറമ്പൻ ദൈവം
പെരുങ്കളിയാട്ടത്തിന് അരങ്ങിലെത്തിയ പുതിയാറമ്പൻ ദൈവം

പുള്ളി ഭഗവതിയും ചങ്ങാലി  ഭഗവതിയും കണ്ടുമുട്ടി,  28 വർഷത്തിന് ശേഷം
പയ്യന്നൂർ∙ 28 വർഷത്തിന് ശേഷം പുള്ളി ഭഗവതിയും ചങ്ങാലി ഭഗവതിയും കണ്ടുമുട്ടി. ഈ അപൂർവ സമാഗമത്തിന് വൻ ജനാവലി കാപ്പാട്ട് കഴക മുറ്റത്ത് സാക്ഷിയായി. കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം ആറാം കളിയാട്ടത്തിലെ അർധ രാത്രിയിലാണ് ഈ സഖിമാരുടെ സമാഗമം നടന്നത്. ഈ സമാഗമത്തെ കുറിച്ച് പഴമക്കാർ പറഞ്ഞൊരു കഥയുണ്ട്. പയ്യന്നൂരിൽ വാസസ്ഥലം തേടി പുള്ളി ഭഗവതി കണ്ടങ്കാളി കണ്ടോത്തിടം സോമേശ്വരി ക്ഷേത്രത്തിൽ സോമേശ്വരി ദേവിക്ക് മുന്നിലെത്തി. പുള്ളി ഭഗവതിക്ക് കാപ്പാട്ട് കഴകത്തിൽ ഇരിപ്പിടം വേണമെന്നായിരുന്നു ആഗ്രഹം. ഉഗ്രമൂർത്തിയായ പുള്ളി ഭഗവതി പുറത്തിറങ്ങിയാൽ അനർഥങ്ങൾ ഏറെ ഉണ്ടാകുമെന്നറിഞ്ഞ സോമേശ്വരി ദേവി പുള്ളി ഭഗവതിക്കൊപ്പം ചങ്ങാലി ഭഗവതിയെയും അയച്ചു. പുള്ളി ഭഗവതി പുറത്തേക്ക് പോകാതിരിക്കാൻ തട്ടിന് പുറത്ത് ചങ്ങാലി ഭഗവതി കാവലിരുന്നു. ചങ്ങാലി ഭഗവതിക്ക് തട്ടിനകത്ത് കയറാൻ അനുവാദമില്ല. അതുകൊണ്ട് പുള്ളി ഭഗവതി പുറത്തേക്ക് വന്നാണ് ചങ്ങാലി ഭഗവതിയെ കാണുന്നത്. തീ പന്തങ്ങളെല്ലാം കെടുത്തി ഉഗ്രരൂപം ഉപേക്ഷിച്ചാണ് പുള്ളി ഭഗവതി ചങ്ങാലി ഭഗവതിക്ക് മുന്നിൽ എത്തിയത്.

ഉള്ളറകളിലെ കൂറ്റ്;  കാവ് സംസ്കൃതിയും സ്മൃതിധാരകളും രാജ്യാന്തര ചിന്തകളുമായി സമരസപ്പെടുത്തുന്ന പഠനാന്വേഷണം
പയ്യന്നൂർ ∙ 'നൂലാലെ വന്നു' എന്ന് മുഖമൊഴിയായി പറയാവുന്ന കാപ്പാട്ട് ഭഗവതി അമ്മയുടെ പുരാവൃത്തം ആലം എന്ന വൻമര പച്ചപ്പിന്റെയും ദേവി സങ്കൽപത്തിന്റെയും സമ്മോഹനമായ സാന്നിധ്യമാണ് മുന്നോട്ടു വയ്ക്കുന്നത്. വർഷാന്തരങ്ങൾക്കപ്പുറത്ത് പെരുമഴക്കാലത്തിന്റെ ഉയിർപ്പായി വിളയുന്ന, പെയ്തുതീർന്ന വിത്തുകളും ജീവിതസാക്ഷ്യങ്ങളുടെ അടരുകളിൽ ചാലിച്ച യുഗസാക്ഷ്യങ്ങളുമാണ് പുരാവൃത്തങ്ങൾ.

1.പെരുങ്കളിയാട്ടത്തിന് അരങ്ങിലെത്തിയ ചങ്ങാലി ഭഗവതി
2.പെരുങ്കളിയാട്ടത്തിന് അരങ്ങിലെത്തിയ നാഗരാജാവ്
1.പെരുങ്കളിയാട്ടത്തിന് അരങ്ങിലെത്തിയ ചങ്ങാലി ഭഗവതി 2.പെരുങ്കളിയാട്ടത്തിന് അരങ്ങിലെത്തിയ നാഗരാജാവ്

മനുഷ്യർ പര്യാലോചിക്കുന്ന ലോകമാണ് ശാസ്ത്രത്തിന്റെ വിഷയമെങ്കിൽ മനുഷ്യമനസ്സിന്റെയും പ്രകൃതിയുടെയും സമരസത്തിൽ പിറവിയെടുക്കുന്ന ലോകമാണ് പുരാവൃത്തങ്ങളുടെ ഭൂമിക. ചരിത്രാതീത കാലത്ത് വ്യാപരിക്കുന്ന മിത്തിന്റെ ഉള്ളടക്കം പ്രകൃതിയും രൂപം മനുഷ്യനുമാകുന്നു. ചരിത്ര കാലത്ത് മഹാത്മാഗാന്ധി ഉപ്പുകുറുക്കി പ്രസിദ്ധമായ ഉളിയത്ത് കടവിനരികിലെ ശാന്തമായ് ഒഴുകുന്ന പുഴക്കരയിൽ പുല്ലരിയാൻ പോയ കരിപ്പത്ത് തറവാട്ടിലെ കുട്ടികൾ, പുഴയോരത്തെ ആലമരത്തിന്റെ ഉച്ചിയിൽ തേജോമയിയായ ഒരു സ്ത്രീരൂപത്തെ കാണുന്നു. 

അമ്പരന്നോടിയ കുട്ടികളിൽ ചിലർ തെക്കടവൻ വലിയ വീട് പറമ്പിന്റെ തെക്കേ കുടുക്കായ തെക്കിടിയിലെ തറവാട്ടിൽ പടിഞ്ഞാറേ മൂലയ്ക്കരികെ, പശുക്കളെ കെട്ടുന്ന ആലയിൽ പുഴക്കരയിൽ നിന്നും അരിഞ്ഞു കൊണ്ടുവന്ന പുല്ലിട്ടു. മുതിർന്നവരോട് അവർ കണ്ട വിസ്മയക്കാഴ്ച്ചകളെക്കുറിച്ച് പറഞ്ഞു. പിറ്റേന്നാൾ ആലയിൽ ഇട്ട പുല്ലുകൾക്കിടയിലൂടെ ഒരു ആൽമരം കിളിർത്തു വന്നു. അത് പിഴുത് മാറ്റിയ അടുത്തനാൾ മറ്റൊരു ആൽമരം കൂടുതൽ കരുത്തോടെ വളർന്ന് വന്നു. അതും മുതിർന്നവർ പിഴുതുമാറ്റി. മൂന്നാംനാൾ അതിജീവന കരുത്തോടെ മറ്റൊരു ആൽമരം വളർന്നുവന്നു. 

ഈ സംഭവത്തിൽ അമ്പരന്ന യാദവ സമൂഹം ജ്യോതിശാസ്ത്രത്തിലൂടെ ആൽമരം കിളിർത്തയിടത്ത് ദേവീസാന്നിധ്യം ഉണ്ട് എന്ന് അറിയുന്നു. തുടർന്ന് കാരണവന്മാർ കൽക്കെട്ടാൽ ആലത്തിനു ചുറ്റും പള്ളിയറ പണിതു.  സംക്രമ ദിനങ്ങളിൽ പള്ളിയറയിൽ അന്തിത്തിരി വയ്ക്കാൻ പോകുന്ന വേളകളിൽ പലകുറി ഈ ഐതിഹ്യകഥ പ്രാർത്ഥന പോലെ പറയാറുണ്ട്, തെക്കിട് വളപ്പിൽ കാലങ്ങളോളം താമസിച്ചിരുന്ന പാർവതിയുടെ മകളും നാലാങ്ങളമാരുടെ നേർപെങ്ങളുമായ തെക്കടവൻ കല്ലത്ത് ലക്ഷ്മിയമ്മ എന്ന അമ്മമ്മ. 

വർഷാന്തരങ്ങൾക്കപ്പുറത്തെ വരപ്രസാദം പോലെ കാലങ്ങൾക്കിപ്പുറത്തേക്ക് ആലം വളർന്നു. ഋതുഭേദങ്ങളുടെ പാരിതോഷികം പോലെ തളിർത്തും പൂത്തും ഇല പൊഴിഞ്ഞും പലഭാവങ്ങളിൽ ആലമിന്നും ഇവിടെയുണ്ട്.  വേരിൻ പടർച്ചയാൽ വിള്ളൽ വീണ പള്ളിയറ ഈ കളിയാട്ടക്കാലത്ത് ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന പെരുംകളിയാട്ടാഘോഷ സമിതി പുതുക്കിപ്പണിതിരിക്കുന്നു.  കളിയാട്ട ദിനങ്ങളിൽ കാപ്പാട്ട് ഭഗവതി അമ്മയുടെ ഈ ആരൂഢസ്ഥാനം വലംവയ്ക്കുന്ന വിഷ്ണുമൂർത്തി, ഊട്ടുപുരയിലേക്കെത്തി അവിടത്തെ വല്ലത്തിൽ കുറിയിട്ട് വേണം അന്നദാനം തുടങ്ങാൻ.

തെക്കിടിലെ ആരൂഢസ്ഥാനത്ത് നിന്നും അനുഷ്ഠാന ക്രിയകളിലൂടെ അനുഗ്രഹവർഷിണിയും ശാന്ത സ്വരൂപിണിയുമായ കാപ്പാട്ടമ്മ ഇന്ന് സ്ഥിതിചെയ്യുന്ന ഇടത്തേക്ക് നൂലാലെ വന്ന് കുടിയിരുന്നു എന്നാണ് പുരാവൃത്താനുബന്ധം.  വർഷകാലങ്ങളിൽ രക്തവർണത്തോടെ കായ്ക്കുന്ന ആലം കഴക മുറ്റത്തും തെക്കിടിലും ഉളിയത്ത് കടവിലും ഇന്നും പച്ചച്ച് നിൽപ്പുണ്ട്. ആലത്തിനപ്പുറം അരയാലും ആൽമരവും ചെമ്പകവും ഞെറിങ്ങാ മൊത്തോത്തൻകായ് മരങ്ങളും നാഗവും കുളവും വെള്ളമണൽ പുതച്ച് തുറസ്സായ ഭൂമികയിൽ കാവുമുറ്റത്തെ അദ്ധ്യാത്മിക ചൈതന്യമായി നിലകൊള്ളുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com