കെഎസ്ആർടിസി ഡിപ്പോയിൽ സ്വകാര്യ വാഹനങ്ങൾക്ക് പമ്പില്ല!
Mail This Article
കണ്ണൂർ ∙ സ്വകാര്യ വാഹനങ്ങൾക്കു കെഎസ്ആർടിസിയുടെ ഡിപ്പോയിൽ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള പമ്പ് സ്ഥാപിക്കുന്നതിൽ നിന്നു ജില്ല പുറത്ത്. ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിലാണു സ്വകാര്യ വാഹനങ്ങൾക്കുള്ള പമ്പ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. കെഎസ്ആർടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു പദ്ധതി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ–ഡീസൽ പമ്പ് ഇവിടങ്ങളിൽ സ്ഥാപിക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തിൽ ഡീസൽ പമ്പും പിന്നീട് പെട്രോൾ പമ്പുമായിരുന്നു ലക്ഷ്യമിട്ടത്. സംസ്ഥാനത്ത് 67 ഡിപ്പോകളിൽ നടപ്പാക്കുന്ന പദ്ധതിക്കായി ഇന്ത്യൻ ഓയിൽ കോർപറേഷനുമായായിരുന്നു 2 വർഷം മുൻപു കെഎസ്ആർടിസി ധാരണാപത്രം ഒപ്പിട്ടിരുന്നത്.
കണ്ണൂരിൽ നിലവിൽ കെഎസ്ആർടിസി ബസുകൾക്കു മാത്രമാണു ഡിപ്പോയിലെ കൺസ്യൂമർ പമ്പിൽനിന്നു ഡീസൽ നൽകുന്നത്. ഇവിടെ തന്നെയാണു പൊതുജനത്തിനുള്ള പമ്പും ആരംഭിക്കാനിരുന്നത്. ഡിപ്പോയുടെ മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിങ് സംവിധാനമുള്ള റീട്ടെയിൽ ഔട്ട്ലൈറ്റുകളാണ് ഉദ്ദേശിച്ചിരുന്നത്. 2 ഡീസൽ ടാങ്കുള്ള ഇവിടെ പെട്രോളിനായി ഒരു ടാങ്ക് കൂടി സ്ഥാപിക്കാനും ലക്ഷ്യമിട്ടു. ഐഒസി അധികൃതർ പമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പരിശോധന നടത്തുകയും ചെയ്തു. സ്ഥലസൗകര്യവും ചുറ്റുപാടും അനുയോജ്യമാണെന്നു വിലയിരുത്തുകയും ചെയ്തതാണ്.
കെഎസ്ആർടിസി വക സ്ഥലം ദീർഘകാല പാട്ടത്തിന് ഐഒസിക്കു നൽകിയാണു പദ്ധതി നടപ്പാക്കാനിരുന്നത്. വാഹനങ്ങൾക്കു പമ്പിലേക്കു കയറാനും ഇറങ്ങാനുമുള്ള സൗകര്യത്തിനായി ചുറ്റുമതിൽ പൊളിക്കാനും ധാരണയായതാണ്. ശുചിമുറി കോംപ്ലക്സ്, കഫെറ്റീരിയ എന്നിവയും പമ്പിനോടനുബന്ധിച്ചു നിർമിക്കാനും ലക്ഷ്യമിട്ടു. ഇലക്ട്രിക് വാഹന ചാർജിങ് സംവിധാനവും ഒരുക്കാൻ ആലോചനയുണ്ടായിരുന്നു. കണ്ണൂർ ഡിപ്പോയ്ക്കു പിന്നാലെ പയ്യന്നൂർ ഡിപ്പോയിലും പൊതുജനത്തിനായുള്ള പമ്പ് ആരംഭിക്കാൻ ആസൂത്രണമുണ്ടായിരുന്നു.