തയാറല്ലേ കൂട്ടുകാരേ...; ഇന്ന് പത്താം ക്ലാസ് പരീക്ഷയെഴുതാൻ ജില്ലയിൽനിന്ന് 36,288 വിദ്യാർഥികൾ
Mail This Article
കണ്ണൂർ ∙ 36,288 വിദ്യാർഥികൾ ജില്ലയിൽ ഇന്നു പത്താം ക്ലാസ് പരീക്ഷയെഴുതും. ഇതിൽ 18,925 ആൺകുട്ടികളും 17,363 പെൺകുട്ടികളുമാണുള്ളത്. 201 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.14 ട്രഷറി ഓഫിസുകളിലായാണു ചോദ്യപ്പേപ്പർ സൂക്ഷിച്ചിട്ടുള്ളത്. പരീക്ഷാദിവസം രാവിലെ 6.30നു ചുമതലയുള്ള ഉദ്യോഗസ്ഥർ ഇവ ഏറ്റുവാങ്ങി സ്കൂളുകളിൽ എത്തിക്കും. വിദ്യാർഥികൾ രാവിലെ 9.15നു പരീക്ഷാ ഹാളിലെത്തണം. 9.30നു തന്നെ പരീക്ഷ തുടങ്ങും. ആദ്യ 15 മിനിറ്റ് കൂൾ ഓഫ് ടൈമാണ്. മാർച്ച് 25നു പരീക്ഷ അവസാനിക്കും.
ഓർക്കാം
∙എന്നും എഴുന്നേൽക്കുന്ന സമയത്തുതന്നെ എഴുന്നേൽക്കാൻ ശ്രമിക്കുക.
∙ഓരോ ദിവസത്തെയും പരീക്ഷയ്ക്ക് ആവശ്യമുള്ള എല്ലാ സാമഗ്രികളും ഒരുക്കിവയ്ക്കുക.
∙പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും സ്‌കൂളിലെത്തുക.
∙പരീക്ഷയ്ക്കു മുൻപു ലഭിക്കുന്ന 15 മിനിറ്റും പ്രയോജനപ്പെടുത്തുക. അതിനായി ചോദ്യക്കടലാസ് കിട്ടിയ ഉടൻ മനസ്സിരുത്തി വായിക്കുക. ചോദ്യപ്പേപ്പറിന്റെ പിറകുവശം നോക്കാൻ മറക്കരുത്. ചോദ്യങ്ങൾ കാണാതെപോകരുതല്ലോ.
∙ഏറ്റവും നന്നായി അറിയാവുന്ന ചോദ്യങ്ങൾക്ക് പെൻസിൽ കൊണ്ട് നമ്പറിടുക.
∙ഓരോ ചോദ്യത്തിനും മാർക്കിന്റെ അടിസ്ഥാനത്തിൽ സമയം വീതിച്ചു നൽകുക.
∙ഏറ്റവും നന്നായി അറിയാവുന്ന ഉത്തരങ്ങൾ ആദ്യ പേജിൽ ഏറ്റവും വൃത്തിയായി എഴുതുക. പരമാവധി വെട്ടും തിരുത്തലുകളും ഒഴിവാക്കുക.
∙പരീക്ഷയിൽ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ ശ്രദ്ധിക്കാതിരിക്കുക.
∙റജിസ്റ്റർ നമ്പർ, ചോദ്യനമ്പർ, പേജ് നമ്പർ എന്നിവ കൃത്യമായി എഴുതിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.
∙അവസാന പരീക്ഷ കഴിയുന്നവരെ നടന്ന പരീക്ഷകളുടെ വിശകലനം നടത്താതിരിക്കുക.