എണ്ണം വെട്ടിക്കുറയ്ക്കൽ നിർദേശം; ഇരിട്ടിയിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ബഹളം
Mail This Article
ഇരിട്ടി∙ ദിവസം 50 ടെസ്റ്റ് മതിയെന്ന മന്ത്രിയുടെ നിർദേശത്തെ തുടർന്നു ഇരിട്ടിയിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതിഷേധം. ഡ്രൈവിങ് സ്കൂൾ പ്രതിനിധികളും പഠിതാക്കളും ഉൾപ്പെടെ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയതോടെ ബഹളമായി. മന്ത്രിയുടെ തിരുത്തിയ പ്രസ്താവന എത്തിയപ്പോഴേക്കും 3 മണിക്കൂറോളം ടെസ്റ്റ് തടസ്സപ്പെട്ടു.
ജില്ലയിലും സബ് ആർടി ഓഫിസ് കേന്ദ്രങ്ങളിലും ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളിലും ദിവസം 50 വീതം ടെസ്റ്റ് മതിയെന്നായിരുന്നു മന്ത്രിയുടെ നിർദേശം. 2 മാസം മുൻപേ മോട്ടർ വാഹന വകുപ്പ് പഠിതാക്കൾക്ക് ടെസ്റ്റ് ബുക്കിങ് നൽകിയതാണ്. ഇരിട്ടി ജബ്ബാർക്കടവിലെ ടെസ്റ്റിങ് ഗ്രൗണ്ടിൽ നേരത്തേ അനുമതി ഉള്ളതനുസരിച്ചു 60 പേർക്ക് വീതം ആണു 1 ദിവസം ടെസ്റ്റ് നടത്തുന്നതിന് ബുക്കിങ് സ്വീകരിച്ചത്.
മുന്നറിയിപ്പില്ലാതെ നടപടി മൂലം നേരത്തെ സ്ലോട്ട് കിട്ടിയതനുസരിച്ചു പഠിതാക്കൾ രാവിലെ 7.30 ന് മുൻപ് ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് 50 പേർക്കേ അവസരം ലഭിക്കൂവെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
എല്ലാവർക്കും ടെസ്റ്റ് നൽകണമെന്ന് പഠിതാക്കളും ഡ്രൈവിങ് സ്കൂൾ പ്രതിനിധികളും ആവശ്യപ്പെട്ടു. മുഴുവൻ പഠിതാക്കൾക്കും ഡ്രൈവിങ് ടെസ്റ്റ് നൽകിയാൽ മാത്രമേ ഇവിടെ ടെസ്റ്റ് നടത്താൻ അനുവദിക്കുകയുള്ളൂ എന്ന് ഡ്രൈവിങ് സ്കൂൾ പ്രതിനിധികൾ ശഠിച്ചതോടെ ആകെ ബഹളമായി. സ്ഥലത്ത് എത്തിയ ജോയിന്റ് ആർടിഒ ബി.സാജു സർക്കാർ ഉത്തരവ് പ്രകാരമെ ടെസ്റ്റ് നടത്താൻ സാധിക്കുകയുള്ളൂവെന്ന് വിശദീകരിച്ചു.
ഇതോടെ ഡ്രൈവിങ് സ്കൂൾ പ്രതിനിധികൾ ടെസ്റ്റിനായി വാഹനം നൽകില്ലെന്നു അറിയിച്ചു. ഇതോടെ ടെസ്റ്റിന് എത്തിയ പഠിതാക്കളും പ്രതിഷേധിച്ചു. ഗ്രൗണ്ടിൽ എത്തിയ എല്ലാവർക്കും ടെസ്റ്റ് നൽകിയതായി ജോയിന്റ് ആർടിഒ അറിയിച്ചു.
നിലവാരം ഉയർത്തുന്നതിനുള്ള മന്ത്രിയുടെയും സർക്കാരിന്റെയും നടപടികളോടു യോജിപ്പാണുള്ളതെങ്കിലും മുൻകൂട്ടി ബുക്കിങ് എടുത്ത് സ്ലോട്ട് നൽകിയവർക്കെല്ലാം അവസരം നൽകണമെന്നും ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.കെ.സോണി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് അനീഷ്, സെക്രട്ടറി രസാന്ത്, ടി.എൻ.ജയേഷ്, സെയ്തലവി എന്നിവർ നേതൃത്വം നൽകി.