യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തോടെ കണ്ണൂരിൽ മത്സര ചിത്രം തെളിഞ്ഞു; ഇനി പോരാട്ടച്ചൂട്
Mail This Article
കണ്ണൂർ∙ യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തന്നെയെന്നു പ്രഖ്യാപിക്കപ്പെട്ടതോടെ കണ്ണൂരിൽ മത്സര ചിത്രം തെളിഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാക്കി എൽഡിഎഫിനു വേണ്ടി എം.വി.ജയരാജനും എൻഡിഎയ്ക്കു വേണ്ടി സി.രഘുനാഥും നേരത്തേ കളത്തിലിറങ്ങിയിരുന്നു. സിറ്റിങ് എംപി കെ.സുധാകരൻ തന്നെ മത്സരിക്കുമെന്ന തീരുമാനം വന്നതോടെ കണ്ണൂരിൽ മത്സരം ശക്തമാകുമെന്ന് ഉറപ്പായി. 2009ലും 2019ലും കണ്ണൂരിൽ നിന്ന് ലോക്സഭാംഗമായ സുധാകരൻ മൂന്നാം തവണയും പൊരുതാനിറങ്ങുകയാണ്.
കഴിഞ്ഞ തവണ 94559 വോട്ടിനായിരുന്നു സുധാകരൻ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്രീമതിയെ തോൽപിച്ചത്. ജില്ലാ സെക്രട്ടറി എം.വി.ജയരാജനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. സി.രഘുനാഥാണ് എൻഡിഎക്കു വേണ്ടി രംഗത്തുള്ളത്. സമീപ കാലത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ അദ്ദേഹം ദേശീയസമിതി അംഗമാണ്. യുഡിഎഫിൽ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടു പോയെങ്കിലും പ്രവർത്തകർ ആശിച്ച സ്ഥാനാർഥിയെ തന്നെയാണു ലഭിച്ചതെന്ന ആവേശം നിഴലിക്കുന്നുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളും സുധാകരന്റെ സ്ഥാനാർഥിത്വം ആഗ്രഹിച്ചിരുന്നു.
കാത്തിരിപ്പിനൊടുവിൽ ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ സുധാകരന് സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് ക്യാംപ്. ഇന്ന് രാവിലെ 11ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന സുധാകരനെ മുന്നണി പ്രവർത്തകർ സ്വീകരിക്കും. 11ന് യുഡിഎഫ് പാർലമെന്റ് മണ്ഡലം പ്രവർത്തക കൺവൻഷൻ ചേരുന്നുണ്ട്. ഇതോടെ പ്രചാരണം സജീവമാക്കാനാണ് യുഡിഎഫ് തീരുമാനം. എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ പൗരപ്രമുഖരെയും മുൻകാല നേതാക്കളുടെ കുടുംബത്തെയും രക്തസാക്ഷി കുടുംബങ്ങളെയുമെല്ലാം സന്ദർശിച്ച് പ്രചാരണ രംഗത്ത് സജീവമാണ്. തൊഴിൽ കേന്ദ്രങ്ങൾ സന്ദർശിക്കുകയും കുടുംബയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഓരോ മണ്ഡലത്തിലും മുൻകൂട്ടി തീയതി നിശ്ചയിച്ചാണ് പര്യടനം നടത്തുന്നത്.
ഇന്നലെ മട്ടന്നൂർ മണ്ഡലത്തിലായിരുന്നു ജയരാജന്റെ പര്യടനം. തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക എകെജിയുടെ മകൾ ലൈലയിൽ നിന്ന് ജയരാജൻ ഏറ്റുവാങ്ങി. ഇന്ന് പേരാവൂർ മണ്ഡലത്തിലാണു പര്യടനം. എൽഡിഎഫ് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും പ്രവർത്തനം തുടങ്ങി. നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് ഇന്നു തുടക്കമാവുകയാണ്. ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്പ് മണ്ഡലം കൺവൻഷനുകളാണ് ഇന്നു നടക്കുന്നത്. എൻഡിഎ സ്ഥാനാർഥി സി.രഘുനാഥും നേരത്തേ പ്രചാരണ രംഗത്തുണ്ട്. മതമേലധ്യക്ഷരെയും പൗരപ്രമുഖരെയും ബലിദാനികളുടെ കുടുംബങ്ങളെയും കണ്ടു. ചില കേന്ദ്രങ്ങളിൽ റോഡ് ഷോകൾ നടത്തി. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണ രംഗത്താണ് ഇപ്പോൾ സി.രഘുനാഥ്. ദീർഘകാലം കോൺഗ്രസ് പാളയത്തിലായിരുന്നതിനാൽ പഴയ സഹപ്രവർത്തകരെ കണ്ടു വോട്ട് തേടാനും രഘുനാഥ് സമയം കണ്ടെത്തുന്നു.
പോരിന് സുധാകരൻ തന്നെ
കണ്ണൂർ∙ ഡൽഹിയിലെ ഹൈക്കമാൻഡ് പറഞ്ഞു. കണ്ണൂരിന്റെ ‘ഐ കമാൻഡ്’ അനുസരിച്ചു. കെ.സുധാകരൻ മൂന്നാമതും കണ്ണൂരിൽ നിന്നു പാർലമെന്റിലേക്കു ജനവിധി തേടും. സിപിഎമ്മിനെതിരെ കണ്ണൂരിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും പ്രസംഗങ്ങളുമാണു കെ.സുധാകരനെ കോൺഗ്രസ് പ്രവർത്തകർക്കു പ്രിയങ്കരനാക്കിയത്.‘ആരെടാ’ എന്നു ചോദിക്കുന്നവരോട് ‘നീയാരെടാ’ എന്നാണു സുധാകര മറുപടി. ഈ ചങ്കൂറ്റം തന്നെയാണ്, സിപിഎമ്മിൽ നിന്നു പുറത്തുവന്ന എം.വി.രാഘവനു സംരക്ഷണമൊരുക്കാൻ കെ.സുധാകരനെ നിയോഗിക്കാൻ അക്കാലത്തു കെ.കരുണാകരനെ പ്രേരിപ്പിച്ചതും.
ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ എം.വി.രാഘവനും കെ.സുധാകരനും ഒരു ഭാഗത്തും സിപിഎം മറുഭാഗത്തുമായി നിലകൊണ്ടു. പൊതുതിരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും ഈ തിരഞ്ഞെടുപ്പുകളിൽ പ്രകടമായതും ചരിത്രം. കണ്ണൂരിൽ ഗ്രൂപ്പുകൾക്കു മീതെ അവസാന വാക്കാണു സുധാകരൻ. കണ്ണൂരിന്റെ ‘ഐ കമാൻഡ്’. ശബരിമല യുവതീപ്രവേശ വിധിക്കെതിരെ ആദ്യമായി പരസ്യ നിലപാടെടുത്ത കോൺഗ്രസ് നേതാവും മറ്റാരുമല്ല. സുധാകരന്റെ നിലപാട് ഏറ്റെടുത്താണു പാർട്ടി പിന്നീടു സമരത്തിനിറങ്ങിയത്. മുസ്‌ലിം ലീഗുകാർക്കും ഊർജം പകരുന്ന നേതാവാണു കെ.സുധാകരൻ. പട്ടുവം അരിയിൽ ഷുക്കൂർ വധമുണ്ടായപ്പോൾ സിപിഎമ്മിനെതിരെ അതിരൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്.
2019ൽ കണ്ണൂരിൽ നിന്നു പാർലമെന്റിലേക്കു മത്സരിക്കുമ്പോൾ കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു കെ.സുധാകരൻ. കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കാനും ഗ്രൂപ്പില്ലാ പാർട്ടിയാക്കാനുമായിരുന്നു കെപിസിസി പ്രസിഡന്റായി 2021 ജൂണിൽ ചുമതലയേറ്റപ്പോൾ കെ.സുധാകരന്റെ ആദ്യ തീരുമാനം. സിപിഎമ്മിനെ കേഡർ സംവിധാനം കൊണ്ടു തന്നെ നേരിടാനുള്ള തന്ത്രം. കണ്ണൂർ നടാൽ സ്വദേശിയായ സുധാകരൻ കെഎസ്‌യു താലൂക്ക് പ്രസിഡന്റായാണു തുടക്കം. സംഘടനാ കോൺഗ്രസ് വഴി ജനതയിലെത്തി. വൈകാതെ തിരിച്ചു കോൺഗ്രസിൽ.
കണ്ണൂർ ഡിസിസി പ്രസിഡന്റ്, കെപിസിസി നിർവാഹക സമിതിയംഗം, ജനറൽ സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ പദവികളും വഹിച്ചു. 2001 ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ വനം, കായിക മന്ത്രിയായി. 2009ലും 2019ലും കണ്ണൂരിൽ നിന്ന് ലോക്സഭാംഗമായി. മൂന്നു തവണ (1996, 2001, 2006) കണ്ണൂർ എംഎൽഎ. ജനതാ പാർട്ടി സ്ഥാനാർഥിയായി 1980ലും 82ലും കോൺഗ്രസ് സ്ഥാനാർഥിയായി 1991ലും എടക്കാട് മണ്ഡലത്തിൽ തോറ്റു. നിയമസഭയിലേക്കുള്ള നാലാം പരാജയം 2016ൽ ഉദുമയിൽ. എംഎ, എൽഎൽബി ബിരുദധാരിയാണ്. പരേതരായ കുറ്റിക്കകം എടക്കാട് വയക്കര രാമുണ്ണിയുടെയും മാധവിയുടെയും മകൻ. ഭാര്യ: സ്‌മിത. മക്കൾ: സഞ്ജോഗ്, സൗരഭ്.