‘ഓപ്പറേഷൻ എലിഫന്റ്’: ഇന്നലെ തുരത്തിയത് 2 ആനകളെ മാത്രം
Mail This Article
ഇരിട്ടി∙ ആറളം ഫാമിൽ ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യത്തിൽ 2ാം ദിനത്തിൽ കാടു കയറ്റാനായതു ഒരു പിടിയാനയെയും കുട്ടിയെയും മാത്രം. കഴിഞ്ഞ ദിവസം 13 ആനകളെ 4 കിലോമീറ്റർ ഒാടിച്ച് ബ്ലോക്ക് 4ൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ ഇവയെ കണ്ടെത്താനായില്ല. അതിനാൽ ഇന്നലെ രാവിലെ 7.30ന് 2ാം ബ്ലോക്കിൽ നിന്ന് തുരത്തൽ ആരംഭിച്ചു.
ആദ്യം ബ്ലോക്ക് 5ൽ കണ്ടെത്തിയ 2 കൊമ്പനാനകളെ എക്കണ്ടി കുന്നിൽ റോഡ് കടത്തി ബ്ലോക്ക് 2 എത്തിച്ചെങ്കിലും പിന്നീടു ഇവയും മറഞ്ഞു. തുടർന്നു നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ 2 ആനകളെയാണു ബ്ലോക്ക് 12ലെ താളിപ്പാറ വഴി കോട്ടപ്പാറ കടത്തി ആറളം വന്യജീവി സങ്കേതത്തിൽ എത്തിച്ചത്. ഇതുവരെ 7 ആനകളെയാണു കാട്ടിൽ കയറ്റാൻ കഴിഞ്ഞത്. രണ്ടാംഘട്ടം ഇന്ന് അവസാനിക്കും. ഫാം മേഖലയിൽ നിരോധനാജ്ഞ ഇന്നും തുടരും.
ഇന്നലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, ഇരിട്ടി തഹസിൽദാർ (എൽആർ) എം.ലക്ഷ്മണൻ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.പ്രസാദ്, ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫോറസ്റ്റർ സി.കെ.മഹേഷ് എന്നിവർ നേതൃത്വം നൽകി.