ADVERTISEMENT

കണ്ണൂർ∙ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫ് സ്ഥാനാർഥി സിറ്റിങ് എംപി കെ.സുധാകരനും രംഗത്തിറങ്ങിയതോടെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണം സജീവമാകുന്നു. ഇന്നലെ കണ്ണൂരിലെത്തിയ കെ.സുധാകരന് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ വൻവരവേൽപു നൽകി. കടവത്തൂർ, കോളയാട്, ഇരിട്ടി, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും സുധാകരൻ വിവിധ പരിപാടികളിൽ പങ്കെടുത്തു. 

kannur-k-sudhakaran
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു തുടക്കംകുറിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ കണ്ണൂരിൽ നടത്തിയ റോഡ്ഷോയിൽ നിന്ന്.

11ന് വൈകിട്ട് 3ന് കണ്ണൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷൻ ചേരും. ഇതോടെ പ്രചാരണം ശക്തമാക്കാനാണു തീരുമാനം.  നേരത്തേ പ്രചാരണ രംഗത്തിറങ്ങിയ എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജന്റെയും എൻഡിഎ സ്ഥാനാർഥി സി.രഘുനാഥിന്റെയും പര്യടനം പുരോഗമിക്കുകയാണ്. എൽഡിഎഫ് നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷനുകളിലേക്കു കടന്നു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് ധർമടം പെൻസിൽ നിർമാണ യൂണിറ്റിൽ എത്തിയപ്പോൾ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് ധർമടം പെൻസിൽ നിർമാണ യൂണിറ്റിൽ എത്തിയപ്പോൾ.

എം.വി.ജയരാജൻ ഇന്നലെ പേരാവൂർ മണ്ഡലത്തിൽ പര്യടനം നടത്തി. ക്ഷേമസ്ഥാപനങ്ങളും മതസ്ഥാപനങ്ങളും സന്ദർശിച്ചും വ്യക്തികളെയും കൂട്ടായ്മകളെയും കണ്ടുമായിരുന്നു ജയരാജന്റെ പര്യടനം. ഇരിട്ടി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വോട്ടുതേടി. 

ഇരിട്ടിയിലും ശ്രീകണ്ഠപുരത്തും റോഡ്ഷോ നടത്തി. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ ഷാജഹാനെ സന്ദർശിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് ഇരിട്ടിയിൽ നടത്തുന്ന സമരവേദിയും സന്ദർശിച്ചു.  ഇന്ന് അഴീക്കോട് മണ്ഡലത്തിലാണ് ജയരാജന്റെ പര്യടനം. എൻഡിഎ സ്ഥാനാർഥി ബിജെപി ദേശീയ സമിതി അംഗം സി.രഘുനാഥ് ധർമടം, അഴീക്കോട് മണ്ഡലങ്ങളിൽ വിവിധ കേന്ദ്രങ്ങൾ  സന്ദർശിച്ചു. പ്രധാനമായും പ്രമുഖ വ്യക്തികളുടെ വീടുകൾ കേന്ദ്രീകരിച്ചാണു വോട്ടഭ്യർഥന നടത്തിയത്. വേങ്ങാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് പ്രവർത്തകർ സ്വീകരണം നൽകി. ധർമടം തീപ്പെട്ടി കമ്പനി, പെൻസിൽ നിർമാണ യൂണിറ്റ് എന്നിവിടങ്ങളിൽ തൊഴിലാളികളുമായി സംസാരിച്ചു.

വോട്ടുകവല ഇന്ന് കണ്ണൂർ മണ്ഡലത്തിൽ 
മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് സംവാദപരിപാടിയായ വോട്ടുകവല ഇന്ന് കണ്ണൂർ  മണ്ഡലത്തിൽ നടക്കും. വൈകിട്ട് 6.30ന്  കണ്ണൂർ സ്റ്റേഡിയം കോർണറിലാണു പരിപാടി. കെപിസിസി അംഗം റിജിൽ മാക്കുറ്റി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പ്രകാശൻ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്കും ചർച്ചയിൽ പങ്കെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com