ADVERTISEMENT

കണ്ണൂർ∙ അടുത്ത രണ്ടു ദിവസം ചൂടു കൂടാമെന്ന കാലാവസ്ഥാ പ്രവചനം ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തെ തണുപ്പിച്ചില്ല. ചൂടും വെയിലും വകവയ്ക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽശാലകളുമെല്ലാം കയറിയിറങ്ങി 3 മുന്നണികളുടെയും സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് മുന്നേറുകയാണ്. തിരഞ്ഞെടുപ്പു കൺവൻഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കാനും സമയം കണ്ടെത്തുന്നു. പ്രചാരണത്തിന് ഒരു മാസത്തിലേറെ സമയമുണ്ടെങ്കിലും എത്രയും വേഗം പരമാവധി വോട്ടർമാരെ കാണുകയെന്ന യജ്ഞത്തിലാണു സ്ഥാനാർഥികൾ. 

കെ.സുധാകരൻ  (യുഡിഎഫ്) 
തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ ഇന്നലത്തെ പര്യടനത്തിനു തുടക്കമിട്ടത്. ആർച്ച് ബിഷപ്പിനൊപ്പം പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത അദ്ദേഹം രാഷ്ട്രീയ ചർച്ചയും നടത്തി. ബിഷപ്പിനെ സന്ദർശിക്കുമ്പോൾ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും കൂടെയുണ്ടായിരുന്നു. തുടർന്ന് താൻ പഠിച്ച ബ്രണ്ണൻ കോളജിലെത്തി സുധാകരൻ വോട്ടു തേടി. 

മട്ടന്നൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും സുധാകരൻ പര്യടനം നടത്തി. വ്യക്തികളെയും കൂട്ടായ്മകളെയും കണ്ടു വോട്ടു ചോദിച്ചു. കൂടാളി താഴത്തെ വീട് തറവാട് സന്ദർശിച്ചു കൊണ്ടാണ് മട്ടന്നൂരിലെ പര്യടനത്തിന് തുടക്കമായത്. ശബരി കമ്പനി, മുട്ടന്നൂർ യുപി സ്‌കൂൾ, കോൺകോഡ് കോളജ് എന്നിവിടങ്ങളിൽ വോട്ടുതേടി. എടയന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ, പിആർഎൻഎസ്എസ് കോളജ്‍, മട്ടന്നൂർ നഗരസഭ കാര്യാലയം, പാലോട്ടുപള്ളി ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു. കണ്ണൂർ,  അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിലും സുധാകരൻ പങ്കെടുത്തു. ഇന്ന് കണ്ണൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽശാലകളും  സന്ദർശിക്കും. 

എം.വി.ജയരാജൻ (എൽഡിഎഫ്) 
കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ തൊഴിൽ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജന്റെ പര്യടനം. ജയരാജൻ പഠിച്ച എസ്എൻ കോളജിലും വോട്ടഭ്യർഥിച്ചു. ആറ്റടപ്പ ദിനേശ് സന്ദർശിച്ചാണ് പര്യടനം തുടങ്ങിയത്. ബിഡി കമ്പനികൾ, ഐടിഐ, പോളി, ദിനേശ് ഫുഡ്സ്, റെയ്ഡ്കോ കറിപൗഡർ യൂണിറ്റ്, ചൊവ്വ വീവേഴ്സ്, ചിന്മയ കോളജ്  തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടഭ്യർഥിച്ചു. മുണ്ടേരി കോളനിയും ഏച്ചൂർ കോളനിയും സന്ദശിച്ച ശേഷമാണ് പര്യടനം അവസാനിച്ചത്. എൽഡിഎഫ് നേതാക്കളായ കെ.രാജീവൻ, ഒ.പി.രവീന്ദ്രൻ, പി.ചന്ദ്രൻ, ടി. പ്രകാശൻ, സി.വിനോദ്, ജി.രാജേന്ദ്രൻ, എൻ.ബാലകൃഷ്ണൻ, ഇ.പി.ലത, സി.വിനോദ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. ഇന്ന് തളിപ്പറമ്പ് മണ്ഡലത്തിലാണു പര്യടനം.

 കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ വോട്ടഭ്യർഥിച്ച് കണ്ണൂർ എസ്എൻ കോളജിൽ എത്തിയപ്പോൾ.
കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ വോട്ടഭ്യർഥിച്ച് കണ്ണൂർ എസ്എൻ കോളജിൽ എത്തിയപ്പോൾ.

സി.രഘുനാഥ്  (എൻഡിഎ)
എൻഡിഎ സ്ഥാനാർഥി സി. രഘുനാഥ് ഇരിക്കൂർ  മണ്ഡലത്തിലെ  പ്രദേശങ്ങളിൽ പര്യടനം നടത്തി.  മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ഉളിക്കൽ കോക്കാട് കോളനി, വിമൽജ്യോതി എൻജിനീയറിങ് കോളജ്,  പെരുവളത്ത്പറമ്പ്, ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി, നടുവിൽ, കാർത്തികപുരം, ഉദയഗിരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ആലക്കോട് റോഡ് ഷോ നടത്തി. നടുവിലിൽ ‍  നേതാക്കളും പ്രവർത്തകരുമായി കൂടിയാലോചന നടത്തി. എൻഡിഎ നേതാക്കളായ അജികുമാർ കരിയിൽ, കെ.കെ. സോമൻ, എ.പി. ഗംഗാധരൻ, മോഹനൻ മാനന്തേരി, കെ.ആർ. രഞ്ജിത്ത്, കെ. സജേഷ്, പി.വി. ബാലൻ, പി.വി. റോയ്, എം.എസ്. രജീവൻ, സി.ജി. ഗോപൻ, സഞ്ജു കൃഷ്ണകുമാർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് ആലക്കോട് ടൗണിൽ നടത്തിയ റോഡ് ഷോ.
കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് ആലക്കോട് ടൗണിൽ നടത്തിയ റോഡ് ഷോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com